ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷിന്റ ഘാതകരെ കുറിച്ച് സൂചന ലഭിച്ചതായി കര്‍ണ്ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.

കേസില്‍ പ്രതികളെ കണ്ടെത്താനാകാതെ അന്വേഷണസംഘം ഇരുട്ടില്‍ തപ്പുകയാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


Also Read: ‘ജിമിക്കീം കമ്മലും’ പൊളിച്ചടുക്കിയെന്ന് ‘ജിമ്മി കിമ്മല്‍’; സൂപ്പര്‍ ഹിറ്റ് ഗാനത്തിന് ഹോളിവുഡിലും ആരാധകര്‍


ഗൗരിയുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സംഘപരിവാര്‍ സംഘടനകള്‍ക്കും മാവോയിസ്റ്റുകള്‍ക്ക് നേരെയാണ് പൊലീസ് അന്വേഷണം നടത്തി വരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി എട്ടു മണിയോടെയായിരുന്നു വീടിന് മുന്നില്‍ വച്ച് ഗൗരിയെ അജ്ഞാത സംഘം വെടിവെച്ച് കൊല്ലുന്നത്.

ഗൗരിയുടെ കൊലപാതകത്തിന് പിന്നാലെ രാജ്യത്തെമ്പാടും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.