ബംഗളൂരു :മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളെ ഉടന്‍
പിടികൂടുമെന്ന് കര്‍ണ്ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡി. അന്വേഷണത്തിനായി നിയമിച്ച സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ സംഘം അവസാനഘട്ട അന്വേഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘ധൃതി പിടിച്ച് രാജി വേണ്ട’; തോമസ് ചാണ്ടിയ്ക്ക് പിന്തുണയുമായി എന്‍.സി.പി


പ്രതികളെപ്പറ്റി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം അവസാനത്തോടെ കുറ്റവാളികളെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ബംഗളൂരുവിലെ പ്രസ്സ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. സംഭവസ്ഥലത്തു നിന്നും ലഭിച്ച സി.സി.ടി.വിയില്‍ കണ്ടെത്തിയ നാലുപേരെ അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.


Dont Miss: ‘ഞാന്‍ നിങ്ങളെ കുള്ളനെന്നും തടിയനെന്നും വിളിച്ചില്ലല്ലോ’; കിം ജോംഗ് ഉന്നിന് ട്രംപിന്റെ മറുപടി


കൃത്യത്തിനു മുമ്പ് തന്നെ പ്രതികള്‍ ഗൗരി ലങ്കേഷിന്റെ വീടും പരിസരവും നിരീക്ഷണവിധേയമാക്കിയിരുന്നു. അതിനെപ്പറ്റിയുള്ള വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ബി.കെ സിംഗ് നയിക്കുന്ന പ്രത്യേക അന്വേഷണസംഘം കൊലപാതകത്തെപ്പറ്റി വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് സ്വവസതിയില്‍ വെച്ചാണ് അജ്ഞാതരുടെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ തോക്കുധാരികള്‍ ഗൗരിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.