ഗാസാസിറ്റി: ഗാസയില്‍ ഇസ്രയേല്‍ സേന വീണ്ടും ആക്രമണം നടത്തി. ഗാസയിലെ  വീടിനു നേരെ നടന്ന വ്യോമാക്രമണത്തില്‍ പലസ്തീന്‍കാരനായ അച്ഛനും മകനും മരിച്ചതായി അധികൃതര്‍ അറിയിച്ചു. 10 ഓളം തദ്ദേശവാസികള്‍ക്ക് പരുക്കേറ്റു. പ്രദേശിക സമയം വെളളിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടന്നത് പലസ്തീന്‍ പോരാളികളുടെ പരിശീലന കേന്ദ്രത്തിനു സമീപമാണ് ആക്രമണം നടന്നത്.

പരിക്കേറ്റവരില്‍ ഏഴു പേര്‍ കുട്ടികളാണ്. രണ്ടു പേരുടെ നില ഗുരുതരമാണ്. ആക്രമണത്തില്‍ സമീപത്തെ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഹമാസ് തീവ്രവാദി പരിശീലന കേന്ദ്രത്തിനു നടത്തിയ ആക്രമണം ലക്ഷ്യംതെറ്റി ഇവരുടെ വീടിനു മേല്‍ പതിക്കുകയായിരുന്നു.  സംഭവത്തില്‍ സിവിലിയന്‍മാര്‍ക്കു പരിക്കേറ്റതില്‍ ഇസ്രയേല്‍ ഖേദം രേഖപ്പെടുത്തി.
ബജത് അല്‍ സാലന്‍ (37), മകന്‍ റമദാന്‍ (12) എന്നിവരാണ് മരിച്ചതെന്ന് പലസ്തീന്‍ മെഡിക്കല്‍ അധികൃതര്‍ വ്യക്തമാക്കി. ഇസ്രേലി ആക്രമണത്തിനു തൊട്ടുപിന്നാലെ ഗാസയില്‍ നിന്നു ദക്ഷിണ ഇസ്രയേല്‍ ലക്ഷ്യമാക്കി പലസ്തീന്‍ തീവ്രവാദികള്‍ റോക്കറ്റ് ആക്രമണം നടത്തി. എന്നാല്‍ ആക്രമണത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

Subscribe Us: