കണ്ണൂര്‍ : കണ്ണൂരില്‍ ചാലയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തില്‍ ഓരാള്‍ കൂടി മരിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ചാല സ്വദേശി അബ്ദുള്‍ അസീസ് (55) ആണ് ചൊവ്വാഴ്ച വൈകുന്നേരം മരിച്ചത്. കണ്ണൂരിലെ കൊയ് ലി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീലത രാവിലെ ഒമ്പതരയോടെ മരിച്ചിരുന്നു.

42 പേര്‍ക്ക് അപകടത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. ഇവരില്‍ 11 പേരുടെ നില ഗുരുതരമാണ്. പരിസര പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീ പൂര്‍ണ്ണമായും അണക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 4 പേരുടെ നില ഗുരുതരമായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്.

Subscribe Us:

ഗുരുതരമായി പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. പരിക്കേറ്റവരെ കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയിലും, തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്.

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ച റമീസ് (20), രമ (50), ലത (45), ആയിഷു (60), റീന (20), കുഞ്ഞികൃഷ്ണന്‍ (50), ഹനന്‍ (1), പ്രസാദ്, ദേവി, വിനീത് എന്നിവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി പി.ആര്‍.ഒ അഭിലാഷ് നല്‍കുന്ന വിവരം. തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് പേരുടെ നിലയും ഗുരുതരമാണ്. എടക്കാട് പോലീസ് സ്‌റ്റേഷന്‍ കണ്‍ട്രോള്‍ റൂം നമ്പര്‍ 04972832022

കണ്ണൂരിലെ ചാല ബൈപ്പാസിലാണ് ടാങ്കര്‍ പൊട്ടി തീ പടര്‍ന്നത്. രാത്രി 1130 ഓടെയാണ് അപകടമുണ്ടായത്. ബൈപ്പാസിലെ ഡിവൈഡറില്‍ തട്ടി മറിയുകയും വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. അപകടത്തില്‍ ഗ്യാസ് ടാങ്കര്‍ പൂര്‍ണമായും കത്തിനശിച്ചു. അഞ്ഞൂറ് മീറ്ററോളം തീ പടര്‍ന്നതിനെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് പൊള്ളലേറ്റുവെന്ന് കണ്ണൂര്‍ എസ്.പി സ്ഥിരീകരിച്ചു.

തീ പടര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിലേക്കും, കടകളിലേക്കും തീ പടര്‍ന്നു. ഇരുപതോളം വീടുകളിലേക്കാണ് തീ പടര്‍ന്നത്. ചില വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നതായി പ്രദേശവാസികള്‍ പറയുന്നു. സമീപത്തെ വാഹനങ്ങളും കത്തി നശിച്ചു. സ്ഥലത്ത് ഗതാഗതം പൂര്‍ണമായി നിലച്ചു. പത്തോളം ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മുഖ്യമന്ത്രിയും മന്ത്രി കെ.പി മോഹനനും സ്ഥലം സന്ദര്‍ശിച്ചു. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാച്ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും അപകടത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

തമിഴ്‌നാട് സ്വദേശി കണ്ണയ്യയാണ് ടാങ്കര്‍ ഡ്രൈവര്‍. ടാങ്കര്‍ മറിഞ്ഞതിന് പിന്നാലെ കണ്ണയ്യ തന്നെയാണ് അടുത്തുള്ള വീടുകളിലുള്ളവരോട് വാതകം ചോരുന്നതിനാല്‍ എത്രയും വേഗം ഓടി രക്ഷപെടാന്‍ ആവശ്യപ്പെട്ടത്.എന്നാല്‍ പിന്നീട് ഡ്രൈവര്‍ ഓടി രക്ഷപെട്ടു. ഇയാളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ ബാഗ് പോലീസ് കണ്ടടുത്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ വന്ന ലോറിയാണെന്നാണ് സംശയിക്കുന്നത്.

സംഭവത്തില്‍ ഒരുകോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റവന്യൂവകുപ്പിന്റെ വിലയിരുത്തല്‍.