കൊല്ലം:പാചകവാതക സബ്‌സിഡി ബാങ്ക് അക്കൗണ്ട് വഴി നല്‍കാന്‍ എണ്ണക്കമ്പനികള്‍ നീക്കം തുടങ്ങി. ഉപയോക്താക്കള്‍ക്ക് സബ്‌സിഡി നിരക്കിലല്ലാതെ പാചകവാതകം നല്‍കിയശേഷം സബ്‌സിഡി തുക പിന്നീട് ബാങ്ക് അക്കൗണ്ട് വഴി തിരിച്ചുനല്‍കാനാണ് കമ്പനികള്‍ നടപടി ആരംഭിച്ചത്.

പ്രാഥമിക നടപടിയായി ഉപയോക്താക്കള്‍ക്ക് പ്രത്യേക കെവൈസി (ഉപയോക്താവിനെ തിരിച്ചറിയാനുള്ള ഫോം) ഫോമുകള്‍ മിക്കസ്ഥലങ്ങളിലും വിതരണം ചെയ്ത് തുടങ്ങി. പ്രത്യേകം തയാറാക്കിയിട്ടുള്ള ഫോമില്‍ സബ്‌സിഡി ആവശ്യമുണ്ടെങ്കില്‍ ഉപയോക്താവ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നും അല്ലാത്തപക്ഷം സബ്‌സിഡി ലഭിക്കാന്‍ താല്‍പര്യമില്ലെന്നാണ് കണക്കാക്കുകയെന്നും സൂചിപ്പിച്ചിട്ടുണ്ട്.

Ads By Google

പൂരിപ്പിച്ച ഫോമുകള്‍ ഏജന്‍സികളില്‍ നവംബര്‍ 30നുള്ളില്‍ തിരിച്ചുനല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആദ്യം നവംബര്‍ 15 ആയിരുന്നു അവസാന തീയതി. മാര്‍ച്ചോടെ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന സൂചനയാണ് ചില ഏജന്‍സികള്‍ നല്‍കുന്നത്.

ഒരേ വീട്ടുപേരില്‍ ഒന്നിലധികം കണക്ഷനുള്ളവര്‍മാത്രം ഫോം പൂരിപ്പിച്ച് അടിയന്തരമായി നല്‍കിയാല്‍ മതിയെന്ന് പറയുന്നുണ്ടെങ്കിലും മറ്റ് ഉപയോക്താക്കളോടും ഫോം കഴിയുംവേഗം പൂരിപ്പിച്ച് ആവശ്യമായ രേഖകളുമായി തിരിച്ചുനല്‍കാന്‍ പലയിടത്തും ആവശ്യപ്പെട്ടിരിക്കുകയാണ്. ഉപയോക്താക്കളെക്കുറിച്ചുള്ള വിവര ശേഖരണത്തിനെന്ന പേരില്‍  ഏജന്‍സികളുടെ പേരിലാണ് ഫോമുകള്‍ നല്‍കുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വിതരണക്കാരാണ് ഫോമുമായി ആദ്യം രംഗത്തെത്തിയിട്ടുള്ളത്.  മറ്റ് എണ്ണക്കമ്പനികളും വൈകാതെ ഇതേ മാര്‍ഗം സ്വീകരിക്കുമെന്ന് അറിയുന്നു. രണ്ടുപേജുള്ള ഫോമിന്റെ ആദ്യ പുറത്ത് ഉപയോക്താവിന്റെ പേര്, കണ്‍സ്യൂമര്‍ നമ്പര്‍, ജനനത്തീയതി, മേല്‍വിലാസം തുടങ്ങിയ വിവരങ്ങളാണു നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഈ പുറത്ത് ഫോട്ടോ പതിക്കണം. രണ്ടാമത്തെ പുറത്ത് ഫോമിനൊപ്പം സമര്‍പ്പിക്കുന്ന തിരിച്ചറിയല്‍ രേഖകളുടെ വിവരം നല്‍കണം.

ഈ പേജില്‍, താല്‍പര്യമുള്ള പക്ഷം ബാങ്ക് അക്കൗണ്ട് വിവരം നല്‍കാമെന്നാണ് പറഞ്ഞിട്ടുള്ളത്. ബാങ്കിന്റെ പേര്, ശാഖാ വിലാസം, ഐ.എഫ്.സി കോഡ്, അക്കൗണ്ട് നമ്പര്‍ എന്നിവയാണ് ഇവിടെ രേഖപ്പെടുത്തേണ്ടത്. രേഖകളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അറിവിലും ബോധ്യത്തിലും സത്യമാണെന്നു കാട്ടിയുള്ള സത്യവാങ്മൂലം ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിവരങ്ങള്‍ അപൂര്‍ണമോ, അന്വേഷണത്തില്‍ തെറ്റോ  കണ്ടാല്‍ കണക്ഷന്‍ വിച്‌ഛേദിക്കുന്നതടക്കമുള്ള  നടപടി കമ്പനികള്‍ക്കു സ്വീകരിക്കാമത്രെ. ഏതു ബാങ്കിന്റെ അക്കൗണ്ട് നമ്പര്‍ നല്‍കിയാലും മതിയെന്ന് കമ്പനികള്‍ പറയുമ്പോള്‍ ദേശസാല്‍കൃത ബാങ്കിന്റെ അക്കൗണ്ട്‌നമ്പര്‍ തന്നെ വേണമെന്ന കടുംപിടിത്തത്തിലാണ് ചിലഏജന്‍സികള്‍.