എഡിറ്റര്‍
എഡിറ്റര്‍
റെയില്‍വേ വാഗണ്‍ വഴി എല്‍.പി.ജി കൊണ്ടുവരണം: ഹൈക്കോടതി
എഡിറ്റര്‍
Thursday 20th September 2012 12:04pm

കൊച്ചി: റെയില്‍വേ വാഗണ്‍ വഴി എല്‍.പി.ജി കൊണ്ടുവരുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി. ചാല ദുരന്തത്തില്‍ മരിച്ചവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

റയില്‍വേ ട്രാക്ക് ഐ.ഒ.സിയിലേക്ക് നീട്ടുകയോ ട്രാക്കിനടുത്തേക്ക് ഐ.ഒ.സി പ്ലാന്റ് മാറ്റുകയോ ചെയ്യുന്നത് പരിഗണിക്കേണ്ടതാണെന്നും ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ നായരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

Ads By Google

ചാല ദുരന്തത്തിന്റെ നഷ്ടപരിഹാര പാക്കേജ് മെച്ചപ്പെടുത്തണമെന്നും മറ്റും ആവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ സ്വദേശി കെ.ബി ജോയ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

അതേസമയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ചേളാരിയിലെ പാചകവാതക ഫില്ലിങ് പ്ലാന്റിലേക്ക് കര്‍ണാടകയില്‍നിന്ന് വാതകവുമായി ടാങ്കര്‍ലോറികള്‍ എത്താത്തത് വാതക ഫില്ലിങ്ങിനെ ബാധിച്ചു.

ഇപ്പോള്‍ കൊച്ചിയില്‍നിന്നുള്ള വാതകം മാത്രമാണ് ആശ്രയം.പ്ലാന്റില്‍ സംഭരിച്ച വാതകം ഏതാണ്ട് മൂന്ന് നാല് ദിവസത്തെ ഫില്ലിങ്ങിന് മാത്രമേ തികയൂ. അതുകഴിഞ്ഞാല്‍ ഫില്ലിങ് മുടങ്ങുന്ന അവസ്ഥയാണ്. മലബാറിലെ വിവിധ വാതകവിതരണ ഏജന്‍സികള്‍ക്കുള്ള സിലിണ്ടറുകള്‍ അയയ്ക്കുന്നതില്‍ നിയന്ത്രണമുണ്ട്.

കണ്ണൂര്‍ ചാലയിലുണ്ടായ ടാങ്കര്‍ലോറി അപകടത്തെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ടാങ്കറുകള്‍ തടയുന്നതും ഡ്രൈവര്‍മാരെ കൈയേറ്റം ചെയ്യുന്നതും രാത്രി ടാങ്കറുകള്‍ക്കുനേരെ കല്ലേറ് നടത്തുന്നതും കാരണം ഡ്രൈവര്‍മാര്‍ കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് വരാന്‍ മടിക്കുകയാണ്.

Advertisement