ബീജിംഗ്: ചൈനയിലെ ഗ്വായിഷു പ്രവിശ്യയിലുണ്ടായ ഖനിയപകടത്തില്‍ 7 ജോലിക്കാര്‍ മരിച്ചു. ഷിജിന്‍കൗണ്ടിയിലെ ഫെയ്റ്റിയിലെ ഖനിയിലാണ് അപകടമുണ്ടായത്. ഖനിയിലുണ്ടായ വാതകച്ചോര്‍ച്ചയാണ് അപകടത്തിന് കാരണം.

ഖനിക്കുള്ളില്‍നിന്ന് 16 പേരെ പുറത്തെത്തിച്ചെങ്കിലും രണ്ടുപേര്‍ മരിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് അഞ്ചുപേര്‍ മരിച്ചത്. അപകടം നടക്കുമ്പോള്‍ ഖനിക്കുള്ളില്‍ എത്രപേരുണ്ടായിരുന്നു എന്നത് വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ചൈനയിലാണ് ഏറ്റവും കൂടുതല്‍ ഖനിയപകടങ്ങളുണ്ടാവുന്നത്. ഊര്‍ജാവശ്യങ്ങള്‍ക്കനുസരിച്ച് ഇന്ധന ഉല്‍പാദനം കൂട്ടാനുള്ള ശ്രമത്തില്‍ ഖനികളിലെ സുരക്ഷാ നടപടികള്‍ അവഗണിക്കപ്പെടുകയാണെന്ന ആരോപണമുണ്ട്.