Categories

സംസ്ഥാനത്ത് പാചക വാതക സിലിണ്ടറുകളുടെ വില കുറയും: ഉമ്മന്‍ ചാണ്ടി

ummen-chandi-laugh

തിരുവനന്തപുരം: സംസ്ഥാനത്ത് പാചക വാതക സിലിണ്ടറുകളുടെ വാറ്റ് ഒഴിവാക്കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ഇതോടെ സംസ്ഥാനത്ത് സബ്‌സിഡി സിലിണ്ടറുകളുടെ വില 50 വില വരെ കുറയും.

അനാഥാലയങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും സബ്‌സിഡി ലഭിക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം, സി.പി.ഐ.എം സമരമല്ല സിലിണ്ടര്‍ വര്‍ധിപ്പിച്ചതിനു കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐ.എം സമരം ജനവഞ്ചനയെന്നും സമരം പിന്‍വലിച്ചത് ജനപിന്തുണയില്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സബ്‌സിഡിയോടു കൂടിയ പാചകവാതക സിലിണ്ടറുകളുടെ എണ്ണം 9ല്‍ നിന്ന് 12 ആക്കിയെന്ന പിടിവള്ളിയില്‍ പിടിച്ചാണ് സി.പി.ഐ.എം സമരത്തില്‍ നിന്ന് ഊരിയത്.

സിലിണ്ടറുകളുടെ എണ്ണം കൂട്ടിയതും സി.പി.ഐ.എം സമരവും തമ്മില്‍ യാതൊരു  ബന്ധവും ഇല്ലെന്ന് എല്ലാവര്‍ക്കും അറിയാം. അടുത്തകാലത്ത് ഗ്യാസ് സിലിണ്ടറിന്റെ വില കൂട്ടിയിരുന്നെങ്കിലും അത് സബ്‌സിഡിയായി ഉപഭോക്താക്കള്‍ക്ക് മടക്കി നല്കുന്നുണ്ട്.

കേരളത്തില്‍ 77.21 ലക്ഷം കുടംബങ്ങളാണ് ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുന്നത്. ഇതില്‍ 96.95 % ഉപഭോക്താക്കളും 9 സിലിണ്ടറിനു താഴെ മാത്രം ഉപയോഗിക്കുന്നവരാണ്.

എങ്കില്‍പ്പോലും 12 സിലിണ്ടറായി ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഞാന്‍ ഉള്‍പ്പെടെ എല്ലാവരും ആവശ്യപ്പെട്ടിരുന്നു. കെപിസിസി ഇക്കാര്യം ആവശ്യപ്പെട്ടു.

എഐസിസിയിലും  ഇതേ ആവശ്യം ഉയര്‍ന്നു. പ്രധാനമന്ത്രി ജനുവരി മൂന്നു മുതല്‍ അഞ്ചുവരെ കേരളത്തില്‍ ഉണ്ടായിരുന്നപ്പോള്‍ സംസ്ഥാന സര്‍ക്കാരും കെപിസിസിയും ഈ ആവശ്യം അദ്ദേഹത്തിന്റെ മുന്നില്‍ ഉന്നയിച്ചു.

കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഈ ആവശ്യമാണ് അംഗീകരിച്ചിരിക്കുന്നത്. ഇത് സിപിഎം സമരംമൂലമാണെന്ന് അവകാശപ്പെടുന്നത് തികച്ചും  ബാലിശമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ലോക്‌സഭാ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ തന്നെ നടക്കുമെന്നും എല്ലാവരേയും വിശ്വാസത്തിലെടുത്തായിരിക്കും സീറ്റ് തീരുമാനിക്കുകയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഏകപക്ഷീയമയാല്ല യു.ഡി.എഫിലെ സീറ്റുവിഭജന ചര്‍ച്ച നടക്കുക. യു.ഡി.എഫില്‍ ഏത് കക്ഷിക്കും സീറ്റ് ചോദിക്കാനുള്ള അധികാരവും അവകാശവുമുണ്ട്.

യു.ഡി.എഫ് ഒരു തീരുമാനവും അടിച്ചേല്‍പ്പിക്കില്ലെന്നും ഹൈക്കമാന്‍ഡിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Tagged with: |