കൊച്ചി: വെളുത്തുള്ളി കര്‍ഷകര്‍ പ്രതിസന്ധിയില്‍. ആവശ്യത്തിന് വിലയും വിളവുമില്ലാത്തതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. വരള്‍ച്ച ബാധിച്ച് കൃഷി നശിച്ചതോടെ സംസ്ഥാനത്തെ വെളുത്തുള്ളിയുടെ ഉത്പാദനം പകുതിയായി കുറഞ്ഞു.

Ads By Google

ഇത്തവണ അന്യസംസ്ഥാനത്ത് നിന്നും പതിവിന് വിപരീതമായി വെളുത്തുള്ളി ഇറക്കുമതിയും വന്നതോടെ കാര്യമായ വിലയിടിവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഇതും കര്‍ഷകരെ ദോഷകരമായി ബാധിച്ചു.

ഒരു പരിധിവരെ മഴയാണ് വെളുത്തുള്ളി കര്‍ഷകര്‍ക്ക് വിനയായതെന്ന് പറയാം. വിത്തിറക്കിക്കഴിഞ്ഞ് ഇതുവരെയും മഴ ലഭിച്ചിട്ടില്ല. അതിനാല്‍ വിളവെടുക്കുമ്പോള്‍ കിട്ടുന്നത് നട്ട വിത്തിന്റെ പോലും വലിപ്പമില്ലാത്ത വെളുത്തുള്ളികള്‍ മാത്രമാണ്.

തമിഴ്‌നാട്ടിലെ വ്യാപാരികളാണ് കര്‍ഷകരില്‍ നിന്ന് വെളുത്തുള്ളി വാങ്ങുന്നത്. ഒരു കിലോയ്ക്ക് അവര്‍ ഇപ്പോള്‍ നല്‍കുന്നത് 15 മുതല്‍ 20 രൂപവരെയാണ്.

കഴിഞ്ഞ വര്‍ഷം 70 രൂപ വിലയുണ്ടായിരുന്നിടത്താണിത്. കേരളത്തിലും തമിഴ്‌നാട്ടിലും ഉത്തരേന്ത്യയില്‍ നിന്നുള്ള വെളുത്തുള്ളികള്‍ എത്തിത്തുടങ്ങിയതാണ് ഇത്രയും വിലയിടിയാന്‍ കാരണം.