എഡിറ്റര്‍
എഡിറ്റര്‍
വാദി ഹാജറുണ്ട് സാര്‍…..;ജനങ്ങളെ പൊലീസ് ബഹുമാനിക്കാന്‍ നിയമപോരാട്ടം നടത്തിയ കഥയുമായി ആം ഓഫ് ജോയി ട്രസ്റ്റി ജി. അനൂപ്
എഡിറ്റര്‍
Wednesday 23rd August 2017 8:26pm

കോഴിക്കോട്: പൊതുജനങ്ങളെ എടോ പോടോ വിളികള്‍ പൊലീസ് നിര്‍ത്തി പകരം സാര്‍ എന്നും മാഡം എന്നുവിളിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ് ഉത്തരവിട്ടത് ഇന്നലെയായിരുന്നു. കോഴിക്കോട്ട് മനുഷ്യാവകാശ സിറ്റിങ്ങിനിടെ ആം ഓഫ് ജോയ് മാനേജിങ്ങ് ട്രസ്റ്റി ജി. അനൂപ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു സുപ്രധാനമായ ഈ നിര്‍ദ്ദേശം. ഇതിന് പിന്നില്‍ ഒരു കഥയുണ്ട്. അനുപിന്റെ വാക്കുകള്‍ കടമെടുത്താല്‍ ‘പൊലീസ് സംവിധാനത്തിലെ ഇത്തരം പോരായ്മകളെക്കെതിരെ ഒരു ചെറിയ പോരാട്ടത്തിന്റെ കഥ.

പൊലീസിനെ ജനകീയവല്‍ക്കരിക്കാന്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ശ്രമിക്കുമ്പോഴും പൊതുജനങ്ങളെ പൊലീസില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതാണ് പൊലീസിലെ ചിലരുടെ നടപടികള്‍. എട്ടുമാസം മുമ്പ് അനൂപ് തുടങ്ങിയ ‘ചെറിയ പോരാട്ടത്തിനെ’ കുറിച്ച് അനൂപ് തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നത് ഇങ്ങനെയാണ്. ‘പൊതുതാല്‍പര്യത്തിന് വേണ്ടി ഏഴ് മാസങ്ങളായി നടത്തിയ ഒരു പോരാട്ടത്തിന് ഇന്നലെ പ്രാഥമിക വിജയമായി. പൊതുജനങ്ങളുമായി ഇടപെടുമ്പോള്‍ പൊലീസ് നിര്‍ബന്ധമായും അവരെ ‘സര്‍/മാഡം’ എന്ന് അഭിസംബോധന ചെയ്യണമെന്നുള്ള നിര്‍ദ്ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കുമെന്ന് ഇന്നലെ മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. പൊലീസുമായി പൊതുജനത്തിന് ഏറെ അടുപ്പം തോന്നാനുള്ള സാഹചര്യം ഉണ്ടാക്കും എന്നല്ലാതെ ഒരു ദോഷവും അങ്ങനെയൊരു ഉത്തരവ് കൊണ്ട് ഉണ്ടാവുകയില്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ്, പൊലീസ് വകുപ്പ് ഉടന്‍ തന്നെ ഈ നിര്‍ദ്ദേശം പ്രാബല്യത്തില്‍ കൊണ്ടുവരികയാണെങ്കില്‍, അത്തരത്തിലുള്ള ആദ്യ സംസ്ഥാനം നമ്മുടേതാകും’ അനൂപ് പറയുന്നു.
2017 ജനുവരിയിലാണ് അനൂപിന്റെ നിയമപോരാട്ടം ആരംഭിക്കുന്നത്. ആ കഥ അനൂപ് വിശദീകരിക്കുന്നു. ഈ കഴിഞ്ഞ ജനുവരി മാസം കോഴിക്കോട്ടെ മാവൂര്‍ റോഡില്‍ വെച്ച് വണ്‍വേ ലംഘനത്തിന്റെ പേരില്‍, ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എന്റെ ബൈക്കിന്റെ താക്കോല്‍ പിടിച്ചെടുക്കുകയും പൊലീസ് സ്റ്റേഷനില്‍ ചെന്ന് പിഴ അടയ്ക്കാതെ താക്കോല്‍ തരില്ലെന്ന് ശഠിക്കുകയും ചെയ്തിരുന്നു. പിന്നീട് വന്ന് പിഴ അടച്ചോളാം, ഇപ്പോള്‍ അത്യാവശ്യമായി ഒരു സ്ഥലത്ത് എത്തേണ്ടതുണ്ട് എന്ന് അപേക്ഷിച്ചപ്പോഴൊന്നും അത് ഗൗനിക്കാതെ മോശമായി പെരുമാറിയ ഉദ്യോഗസ്ഥന്‍, എന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുകയും സഞ്ചാരസ്വാതന്ത്ര്യത്തെ തടയുകയും മാത്രമല്ല, പൊലീസ് ചട്ടങ്ങളെ നഗ്‌നമായി ലംഘിക്കുകയുമാണ് ചെയ്തത്. എന്നെക്കാള്‍ അത്യാവശ്യമുള്ള സാഹചര്യത്തില്‍, ആശുപത്രിയില്‍ ഉറ്റവരുള്ളതോ മറ്റോ ആയിട്ടുള്ള അവസ്ഥകളിലൊക്കെ നില്‍ക്കുന്ന ഒരു സാധാരണക്കാരന്റെ കാര്യമാണ് അന്നേരം ഓര്‍ത്തത്. പൊതുതാല്പര്യാര്‍ത്ഥം ഈ വിഷയത്തില്‍ എന്നാലാവും വിധം പോരാടണമെന്ന് നിശ്ചയിച്ചത് അതുകൊണ്ടായിരുന്നു. അനൂപ് പറയുന്നു.


Also read എടാ പോടാ വിളി വേണ്ട; പൊലീസുകാര്‍ പൊതുജനത്തെ ‘സര്‍’ എന്നു വിളിക്കണം: മനുഷ്യാവകാശ കമ്മീഷന്‍


അന്ന് എന്നെ അപമാനിച്ച ഉദ്യോഗസ്ഥനെതിരേ വ്യക്തിപരമായി ഒരു പരാതിയും നല്‍കാതെ, പൊലീസ് സംവിധാനത്തിലെ ഇത്തരം പോരായ്മകളെക്കെതിരെ ഒരു ചെറിയ പോരാട്ടം തുടങ്ങി വെയ്ക്കാനായിരുന്നു തീരുമാനം. അതുകൊണ്ട് തന്നെ ഇത് പൊലീസിന് എതിരെയുള്ളതല്ല, മറിച്ച് പൊലീസും ജനങ്ങളും തമ്മിലുള്ള വിടവ് കുറയ്ക്കാനുള്ള പോരാട്ടമായിരുന്നു. അനൂപ് പറഞ്ഞു.
ഇതിനായി അനൂപ് ആദ്യം ചെയ്തത് വിവരവാകാശ നിയമപ്രകാരം ട്രാഫിക്ക് ചട്ടങ്ങളെ കുറിച്ച് കോഴിക്കോട് ട്രാഫിക്ക് പൊലീസിലും സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിലും കുറെ ചോദ്യങ്ങള്‍ സമര്‍പ്പിക്കലായിരുന്നു. തുടര്‍ന്ന് അതിന് മറുപടിയായി അത്തരത്തില്‍ താക്കോല്‍ പിടിച്ചെടുക്കുവാനുള്ള യാതൊരു അധികാരവും പൊലീസിനില്ല എന്ന് ഉത്തരം ലഭിച്ചു. കൂടെ വാഹന പരിശോധന നടക്കുമ്പോള്‍, പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥന് തന്റെ ഔദ്യോഗിക വാഹനത്തിനുള്ളില്‍ തന്നെ ഇരിക്കാന്‍ അധികാരമില്ല എന്നും പൊലീസ് പറഞ്ഞു.

ട്രാഫിക്ക് നിയമപാലനം ഉറപ്പ് വരുത്തുകയും, നിയമലംഘനം കര്‍ക്കശമായി തടയുകയും ചെയ്യുമ്പോള്‍ തന്നെ, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നിയമലംഘനം നടത്തുന്ന ആളോടുള്ള പെരുമാറ്റത്തില്‍ ബഹുമാനക്കുറവ് വരുത്താന്‍ പാടില്ല എന്ന് അനൂപിന് പൊലീസ് മറുപടി കൊടുത്തെങ്കിലും, നിയമലംഘനം നടത്തുന്ന ആളെ പൊലീസ് ഉദ്യോഗസ്ഥന്‍ എങ്ങനെ അഭിസംബോധന ചെയ്താണ് സംസാരിക്കേണ്ടത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറഞ്ഞില്ല.

തുടര്‍ന്ന് വിവരവാകാശ നിയമപ്രകാരമുള്ള പൊലീസിന്റെ മറുപടിയുടെ പശ്ചാത്തലത്തില്‍ 2017 ഏപ്രിലില്‍ ഒരു പരാതി പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്ക് രജിസ്റ്റേഡ് പോസ്റ്റ് വഴി അയച്ചു. എന്നാല്‍ ഇതിന് ഒരു മറുപടിയും ലഭിച്ചില്ല. തുടര്‍ന്നാണ് അനൂപ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.


dont miss it മുത്വലാഖ് വിധിക്ക് ശേഷമുള്ള സംഘപരിവാരും മുസ്‌ലിംങ്ങളും


ഏതൊരു സാധാരണക്കാരന്റെയും ഉള്ളില്‍ പൊലീസ് എന്ന് കേള്‍ക്കുമ്പോള്‍, അല്ലെങ്കില്‍ കണ്‍വെട്ടത്ത് പൊലീസിനെ കാണുമ്പോള്‍ ആദ്യം മനസ്സില്‍ ഉണരേണ്ടത് സുരക്ഷിതത്വബോധമാണ്. പക്ഷെ യാതൊരു തെറ്റും കുറ്റവും ചെയ്യാത്ത ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്കും, ഇന്നും അത്തരമൊരു സാഹചര്യത്തില്‍ മനസ്സില്‍ ആദ്യം ഉണ്ടാവുക വെറുതെ ഒരു ടെന്‍ഷനാണ്. എവിടെയെങ്കിലും ഒരു വാഹന പരിശോധന നടക്കുന്നുണ്ടെങ്കില്‍, ആ ഭാഗത്തേക്ക് വാഹനങ്ങളില്‍ പോവുന്ന അപരിചിതര്‍ക്ക് പോലും, പരിശോധന നടക്കുന്നുണ്ടെന്ന മുന്നറിയിപ്പ് നമ്മള്‍ ആംഗ്യഭാഷയില്‍ നല്‍കി പോവുന്നത്, പൊലീസിനെ എതിര്‍പക്ഷത്ത് കാണുന്നത് കൊണ്ട് മാത്രമാണ്. അനൂപ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പൊലീസിനെ ജനകീയമാക്കുക എന്ന് വെച്ചാല്‍, പൊലീസും പൊതുജനവും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അകലം കുറച്ചുകൊണ്ട് വരിക എന്നാണല്ലോ. പൊലീസിലെ യുവതലമുറയുടെ മനോഭാവത്തില്‍ വലിയ രീതിയില്‍ ഉള്ള വ്യത്യാസം തീര്‍ച്ചയായും സമീപകാലങ്ങളില്‍ കാണാം. പക്ഷെ മുതിര്‍ന്ന തലമുറ എത്രത്തോളം ‘ജനകീയം’ എന്ന ആശയത്തോട് സഹകരിക്കുന്നു എന്ന് പൊലീസ് വകുപ്പ് വിശദമായി അന്വേഷിക്കേണ്ടതുണ്ട്.

പൊലീസിലെ ഒരു ചെറിയ വിഭാഗം ഇന്നും വെച്ച് പുലര്‍ത്തുന്ന ധാര്‍ഷ്ട്യവും മാടമ്പിത്തരവും ആണ് പൊലീസ് വകുപ്പിനെ ഒന്നാകെ ഒരുതരം സംശയത്തോടെയും ഭീതിയോടെയും കാണാന്‍ പൗരസമൂഹത്തെ പ്രേരിപ്പിക്കുന്നത്. കാലാകാലങ്ങളായി പൊലീസിനോട് പൗരസമൂഹത്തിന്റെ ഉള്ളിലുള്ള ആ അകല്‍ച്ചയും ഭീതിയും ഇല്ലാതാക്കുക എന്നത് തന്നെ വളരെ ശ്രമകരമായ കാര്യമാണ്. അങ്ങനെയിരിക്കുമ്പോഴാണ് ഇപ്പോഴും പൊലീസിലെ ഒരു വിഭാഗം, പൗരസമൂഹത്തോട് ഒരു ശത്രുപക്ഷത്തോടെന്ന പോലെ പെരുമാറുന്നത്.

നിയമപാലനം ഉറപ്പ് വരുത്തുകയും, നിയമലംഘനം കര്‍ക്കശമായി തടയുകയും ചെയ്യുമ്പോള്‍ തന്നെ, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നിയമലംഘനം നടത്തുന്ന ആളോടുള്ള പെരുമാറ്റത്തില്‍ ബഹുമാനക്കുറവ് വരുത്താന്‍ പാടില്ല എന്നും, സൗമ്യവും മാന്യവുമായ ഭാഷയിലാണ് സംസാരിക്കേണ്ടത് എന്നും പൊലീസ് പലപ്പോഴും പറയാറുണ്ട്. എന്നാല്‍ സൗമ്യവും മാന്യവും എന്നൊക്കെ പറയാതെ പൊലീസ് വകുപ്പിന് കൃത്യമായി ഇക്കാര്യത്തില്‍ എടുക്കാന്‍ കഴിയുന്ന ഒരു തീരുമാനമാണ്, ഇനി മുതല്‍ പൊതുജനങ്ങളില്‍ ആരെയും ‘സര്‍’ എന്നോ ‘മാഡം’ എന്നോ അല്ലാതെ വിളിക്കില്ല എന്നത്. തങ്ങളെ സേവിക്കേണ്ട പൊലീസിനെ ജനങ്ങള്‍ അങ്ങോട്ട് ‘സര്‍’ എന്ന് വിളിക്കുമ്പോള്‍, മിക്കപ്പോഴും പൊലീസ് ഇങ്ങോട്ട് വിളിക്കുന്നത് ‘എടാ, നീ’ എന്നിങ്ങനെയാണ്. അദ്ദേഹം ചൂണ്ടി കാട്ടുന്നു.

പൊലീസിനെ ജനങ്ങള്‍ അങ്ങോട്ട് ‘സര്‍’ എന്ന് വിളിക്കുമ്പോള്‍, എന്തുകൊണ്ട് പൊലീസിന് ഇങ്ങോട്ടും അങ്ങനെ വിളിച്ചുകൂടാ എന്ന് പലപ്പോഴും നമ്മള്‍ ചിന്തിക്കുന്നത് പോലുമില്ല. ‘സര്‍/മാഡം’ എന്ന് വിളിച്ചാല്‍ മാത്രമേ ബഹുമാനം ആവുകയുള്ളോ എന്ന് ചിലര്‍ക്ക് ചോദിക്കാം. പക്ഷെ സത്യത്തില്‍ നമ്മുടെ നാട്ടില്‍ ബഹുമാനം പ്രകടിപ്പിക്കാന്‍ അങ്ങനെ തന്നെയാണ് ഏവരും വിളിക്കുന്നത്. അതുകൊണ്ടാണല്ലോ പൊലീസിനെയും ജനപ്രതിനിധികളെയും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയുമൊക്കെ പൊതുജനം ‘സര്‍/മാഡം’ എന്ന് തന്നെ വിളിക്കുന്നത്. ‘Give Respect, Take Respect’ എന്ന നയം പൊലീസിനെ ഏറെ ജനകീയമാക്കുകയേ ഉള്ളൂ എന്ന കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാവുമെന്ന് തോന്നുന്നില്ല. അനൂപ് വിശദീകരിക്കുന്നു.

പൊതുജനത്തെ പൊലീസ് ‘സര്‍/മാഡം’ എന്ന് വിളിക്കാന്‍ തുടങ്ങിയാല്‍ എല്ലാം നേരയാവുമോ എന്ന് ചിന്തിക്കുന്നവരോട് ഒരു കാര്യം മാത്രം പറഞ്ഞു കൊള്ളട്ടെ. തങ്ങള്‍ പൊതുജനത്തിന്റെ മേലെയുള്ളവരല്ല എന്നയൊരു തോന്നല്‍ ഉള്ളില്‍ ഉണര്‍ത്താനുള്ള സൈക്കോളജിക്കല്‍ ഇംപാക്ട് ഉണ്ടാക്കാനെങ്കിലും അങ്ങനെയുള്ള ‘സര്‍/മാഡം’ വിളികള്‍ കൊണ്ട് സാധിക്കും. ജനാധിപത്യ സംവിധാനത്തില്‍ ജനം തന്നെയാണ് അധിപര്‍ എന്ന തിരിച്ചറിവ് ഉണ്ടായാല്‍, സര്‍ എന്നും മാഡം എന്നും വിളിക്കാന്‍ പൊലീസിന് യാതൊരു കുറച്ചിലും തോന്നുകയുമില്ല. അനൂപ് പറഞ്ഞു.

പല വിദേശ രാജ്യങ്ങളിലും ചെല്ലുമ്പോള്‍ നമ്മള്‍ കാണുന്നതാണ്, എത്ര വലിയ പൊലീസ് ഉദ്യോഗസ്ഥന്‍ ആണെങ്കിലും, നിയമലംഘനം നടത്തുന്നവരോട് പോലും ബഹുമാനത്തോടെ മാത്രം സംസാരിക്കുന്നത്. ദുബായില്‍ ചെന്നാല്‍ അവിടുള്ള പൊലീസ് ആസ്ഥാനത്തെ വലിയ കെട്ടിടത്തില്‍ നമ്മള്‍ കാണുക ഒരു സ്‌മൈലി ഐക്കണ്‍ ആണ്. നിയമപാലനത്തില്‍ യാതൊരു ദാക്ഷിണ്യവും കാണിക്കാതെ, എന്നാല്‍ പെരുമാറ്റത്തില്‍ അങ്ങേയറ്റം ബഹുമാനം പുലര്‍ത്തുന്ന അവരുടെ സമീപനം, ഒരു പുരോഗമന സമൂഹത്തിന്റെ ലക്ഷണമാണ്. പൊലീസിന്റെ ഉന്നതതലത്ത് ഇച്ഛാശക്തി ഉണ്ടെങ്കില്‍, സമ്പൂര്‍ണ്ണ സാക്ഷരതയുണ്ടെന്ന് അഭിമാനിക്കുന്ന നമ്മുടെ നാട്ടിലും ഇതൊക്കെ സാധ്യമാക്കാവുന്നതേയുള്ളൂ. കര്‍ക്കശമായി നിയമം പരിപാലിക്കാന്‍ ഇത്തിരി പോലും ബഹുമാനക്കുറവ് വരുത്തേണ്ട കാര്യമില്ല എന്ന് നമ്മുടെ പൊലീസ് ആദ്യം തിരിച്ചറിയേണ്ടതുണ്ട്. എത്ര വലിയ കുറ്റം ചെയ്തവരോട് പോലും ഏറ്റവും നന്നായി പെരുമാറി കൊണ്ട്, ഏറ്റവും കര്‍ക്കശമായി നടപടികള്‍ എടുക്കുമ്പോള്‍ തന്നെയാണ് പൊലീസിന്റെ മഹത്വം ഉയര്‍ന്നു നില്‍ക്കുക. പൊലീസും ജനങ്ങളും തമ്മില്‍ ജനറേഷനുകളായി നിലനില്‍ക്കുന്ന ഗ്യാപ്പ് ഇല്ലാതാക്കാനുള്ള ഈ പോരാട്ടം പല ഭാഗങ്ങളില്‍ നിന്നായി നിങ്ങളോരോരുത്തരും മുന്നോട്ട് കൊണ്ടുപോവും എന്ന് പ്രതീക്ഷിക്കട്ടെ. എന്നും പറഞ്ഞുകൊണ്ടാണ് അനൂപിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ഇത് ആദ്യമായല്ല അനൂപ് ഇത്തരം നിയമപോരാട്ടങ്ങളും സാമുഹ്യഇടപെടലുകളും നടത്തുന്നത്. സമുഹത്തില്‍ തങ്ങളുടെതല്ലാത്ത കാരണങ്ങളാല്‍ ഒറ്റപെടുന്നവര്‍ക്ക് കൈത്താങ്ങാവാന്‍ അനൂപും വക്കീലായ ഭാര്യ രേഖയും കൂടി ആം ഓഫ് ജോയ് എന്ന സന്നദ്ധ സംഘടന നടത്തുന്നുണ്ട്. കോഴിക്കോട്ട് പീഢനത്തിനിരയായ ബംഗ്ലാദേശ് യുവതികളെ നാട്ടിലെത്തിക്കുന്നതിനും അനൂപും രേഖയും കൂടി നടത്തിയ നിയമപോരാട്ടമായിരുന്നു വഴി വെച്ചത്.

Advertisement