ന്യൂദല്‍ഹി:സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇനിയും ഏകദിന ക്രിക്കറ്റില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും എത്രയും പെട്ടെന്ന് അദ്ദേഹം വിരമിക്കണമെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.

‘സച്ചിന്‍ തന്നെ അദ്ദേഹത്തിന്റെ നിലവിലെ പ്രകടനം എങ്ങനെയെന്ന് വിലയിരുത്തണം. ഏകദിന മത്സരങ്ങളോട് വേണ്ട നീതി പുലര്‍ത്താന്‍ കഴിയുന്നുണ്ടോയെന്ന് അദ്ദേഹം സ്വയം മനസ്സിലാക്കേണ്ടതുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ഏകദിന ക്രിക്കറ്റില്‍ 90 റണ്‍സില്‍ കുറയാത്ത റണ്‍സ് എടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് 50 റണ്‍ പോലും തികയ്ക്കാന്‍ കഴിയുന്നില്ല.

2015 ലെ ലോകകപ്പില്‍ കളിക്കാന്‍ യോഗ്യനാണോയെന്ന് അദ്ദേഹം സ്വയം വിലയിരുത്തേണ്ടതുണ്ട്. ഏകദിന മത്സരങ്ങളില്‍ കളിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ടീമിനെ മൊത്തം ബാധിച്ചിട്ടുണ്ട്. കാരണം അദ്ദേഹത്തിന്റെ സാനിധ്യം ടീമിനെ മൊത്തമായി ബാധിക്കും. സച്ചിന്‍ ക്രീസില്‍ വന്ന് അധികം വൈകാതെ തന്നെ ഔട്ട് ആകുന്നത് ടീമിനെ സംബന്ധിച്ച് ക്ഷീണമാണ്.

എന്റെ അഭിപ്രായത്തില്‍ അദ്ദേഹം ഏകദിന മത്സരങ്ങളില്‍ നിന്നും വിരമിച്ച് ടെസ്റ്റ് മത്സരങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം എന്നതാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് സച്ചിന്റെ അത്ര സംഭാവന നല്‍കിയ മറ്റാരും ഇല്ല. എന്നിരുന്നാലും ഫോം നഷ്ടമാകുന്നു എന്നു തോന്നിയാല്‍ ടീമില്‍ തുടരുന്നതില്‍ അര്‍ഥമില്ല’.- ഗാംഗുലി പറഞ്ഞു.

റൊട്ടേഷന്‍ സംവിധാനത്തെ ന്യായീകരിക്കാന്‍ വേണ്ടി സീനിയര്‍ കളിക്കാര്‍ക്കെതിരെ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രസ്താവനയേയും ഗാംഗുലി വിമര്‍ശിച്ചു. ഇന്ത്യന്‍ ടീമിലെ പതിനൊന്ന് കളിക്കാരും നിലവാരമുള്ള ഫീല്‍ഡര്‍മാര്‍ ആയിരിക്കില്ലെന്നും ഓസ്‌ട്രേലിയന്‍ ടീമില്‍ പോലും പതിനൊന്നുപേരും മികച്ച ഫീല്‍ഡര്‍മാരല്ലെന്നും ഗാംഗുലി വ്യക്തമാക്കി.

സച്ചിനും സെവാഗും ഗംഭീറും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫീല്‍ഡിംഗില്‍ നിലവാരമില്ലാത്തവരാണെന്നും റൊട്ടേഷനിലൂടെ ഇത് പരിഹരിക്കാന്‍ സാധിക്കുമെന്നുമായിരുന്നു ധോണി പറഞ്ഞത്.

‘ഒറ്റക്കെട്ടായി ടീമിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവാണ് ധോണി കാണിക്കേണ്ടത്. വിദേശപര്യടന സമയത്ത് തുടരെ മത്സരങ്ങള്‍ കളിക്കേണ്ടി വരുമ്പോള്‍ ഫീല്‍ഡിംഗില്‍ ഏറ്റക്കുറച്ചിലുകള്‍ കാണും. ഇത് സ്വാഭാവികം മാത്രമാണ്. അത് മാറ്റിയെടുക്കാനുള്ള ശ്രമമാണ് ധോണിയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. അല്ലാതെ പരിചയസമ്പന്നരായ താരങ്ങളെ വിമര്‍ശിക്കുകയല്ല വേണ്ടത.

ദീര്‍ഘകാലമായി മികച്ച രീതിയില്‍ പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കാത്തവരെ അമിതമായി പിന്തുണയ്ക്കുന്നത് ധോണി നിര്‍ത്തണം. 2015 ലെ ലോകകപ്പിനായി തയ്യാറെടുക്കുമ്പോള്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഫലവത്താകില്ല. കളിക്കളത്തിലെ മികവ് മെച്ചപ്പെടുത്തുന്നതില്‍ സുരേഷ് റെയ്‌ന തുടരെ പരാജയപ്പെടുകയാണ്. അദ്ദേഹത്തിന് പകരം മറ്റ് യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ധോണി തയ്യാറാകണം’.- ഗാംഗുലി പറഞ്ഞു.

Malayalam News

Kerala News In English