ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചുവെന്ന് റിപ്പോര്‍ട്ട് . കഴിഞ്ഞ ഐ.പി.എല്‍ ലേലത്തില്‍ ടീമുകള്‍ ആരും തന്നെ പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് വിരമിക്കലെന്നാണ് സൂചന . 2009ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഗാംഗുലി കഴിഞ്ഞ വര്‍ഷം ബംഗാളിന് വേണ്ടി രഞ്ജി ട്രോഫിയില്‍ കളിച്ചിരുന്നു.

കഴിഞ്ഞ ഐ.പി.എല്‍ ലേലത്തില്‍ ഗാംഗുലിയെ എല്ലാ ടീമുകളും തഴയുകയായിരുന്നു. തന്റെ സ്വന്തം ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് പോലും ഈ പടക്കുതിരയെ പരിഗണിച്ചില്ല. എന്നാല്‍ കൊച്ചി ഐ.പി.എല്‍ ടീം ഗാംഗുലിയെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പിന്‍വാതില്‍ പ്രവേശനം ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍ തടയുകയായിരുന്നു.
ഐ.പി.എല്‍ ലേലത്തില്‍ ദാദയെക്കൂടാതെ വി.ആര്‍.വി സിംഗ്, വസിം ജാഫര്‍ എന്നിവരെയും ആരും ടീമിലെടുത്തിരുന്നില്ല. ഗാംഗുലിയെ ടീമിലെടുക്കാത്തതിനെതിരേ വന്‍തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

സ്വതസിദ്ധമായ നേരെയുള്ള പടുകൂറ്റന്‍ സിക്‌സറിലൂടെയായിരുന്നു ഗാംഗുലി ക്രിക്കറ്റ് പ്രേമികളുടെ ആരാധ്യ പുരുഷനായത്. ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും ഗാഗുലിയുടെ പ്രകടനം മികവുറ്റതായിരുന്നു. ടീം ഇന്ത്യയുടെ നായകനായി വേണ്ടത്ര തിളങ്ങാന്‍ പറ്റാത്തതായിരുന്നു ഗാംഗുലിയുടെ ആദ്യത്തെ തിരിച്ചടി. പിന്നീട് ഐ.പി.എല്ലിലും മാനേജ്‌മെന്റ് പ്രതീക്ഷക്കൊത്ത് ഉയരാന്‍ ദാദക്ക് കഴിഞ്ഞില്ല. പക്ഷെ ഗാംഗുലിയുടെ നായകത്വത്തില്‍ 2003ലെ ജോഹന്നാസ് ബര്‍ഗ് ലോകകപ്പില്‍ ഇന്ത്യ റണ്ണറപ്പായി. ലോകകപ്പില്‍ ഇന്ത്യക്കാരന്റെ ഉയര്‍ന്ന റണ്ണായ 183 റണ്‍സ് നേടി കപില്‍ദേവിനെ(175) പിറകിലാക്കി അദ്ദേഹം ചരിത്രം കുറിച്ചു.

കൊല്‍ക്കൊത്ത രാജകുമാരന്‍ എന്ന് കൂടി വിളിക്കപ്പെടുന്ന ഗാംഗുലി 1996ല്‍ ഇംഗ്ലണ്ടില്‍ നടന്ന മത്സരത്തിലൂടെയാണ് ടെസ്റ്റ് കരിയര്‍ തുടങ്ങിയത്. 2000ത്തില്‍ മാച്ച് ഫിക്‌സിങ് അഴിമതി പുറത്ത് വന്ന ശേഷം ഗാംഗുലി ഇന്ത്യന്‍ ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്. 2001ല്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പര വിജയം അദ്ദേഹത്തിന്റെ കരിയറിലെ പൊന്‍തൂവലായി. 2008ല്‍ ഓസ്‌ട്രേലിയയുമായാണ് അദ്ദേഹം അവസാന ടെസ്റ്റ് കളിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 85 റണ്‍സ് നേടിയ അദ്ദേഹം രണ്ടാം ഇന്നിംങസില്‍ ഡക്ക് ആവുകയായിരുന്നു. ഗാംഗുലി ക്യാപ്റ്റനായി 49 ടെസ്റ്റ് മാച്ചുകള്‍ കളിച്ച ഇന്ത്യ 21 മാച്ചുകളില്‍ വിജയം കൈപ്പിടിയിലാക്കി.

ടെസ്റ്റ് മാച്ചുകളില്‍ ആകെ: 67 ടെസ്റ്റുകളില്‍ നിന്നായി 4100 റണ്‍സ് ദാദ വാരിക്കൂട്ടി. അതില്‍ 11 എണ്ണം പുറത്താകാതെയായിരുന്നു. ബാറ്റിങ് ആവറേജ്: 40.59. സ്‌ട്രൈക്ക് റേറ്റ്: 48.18. വിക്കറ്റ്: 23. ദാദയുടെ ഉയര്‍ന്ന സ്‌കോര്‍ 173 റണ്‍സാണ്. ടെസ്റ്റില്‍ നിന്ന് ആകെ 9 സെഞ്ച്വറിയും 20 അര്‍ധ ശതകങ്ങളും അദ്ദേഹം തികച്ച ദാദ ബൗളിങ്ങിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

ഏകദിനം: മാച്ച്: 229. റണ്‍സ്: 8720. ഉയര്‍ന്ന സ്‌കോര്‍: 183, നോട്ടൗട്ട്: 23. ശരാശരി: 42.95. സ്‌ട്രൈക്ക് റേറ്റ്: 74.68. സെഞ്ച്വറി: 22, അര്‍ധ സെഞ്ച്വറി: 50.

വിക്കറ്റ്: 85. ഏകദിനത്തില്‍ രണ്ട് തവണ അഞ്ച് വിക്കറ്റും ഒരു തവണ നാലു വിക്കറ്റും എടുത്തു. 16 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്തതാണ് മികച്ച ബോളിങ് പ്രകടനം.