Categories

ഗുണ്ടാസംഘങ്ങള്‍ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതായി പോലീസ്

തിരുവനന്തപുരം: ഗുണ്ടാസംഘങ്ങള്‍ കോളേജ് വിദ്യാര്‍ത്ഥികളെ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തി. ഗുണ്ടാനേതാവ് കണ്ണാടി ഷാജി കൊലക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് കൊളേജ് വിദ്യാര്‍ത്ഥികളും ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം പോലീസിന് വ്യക്തമായത്.

കുറ്റകൃത്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പങ്ക് കണ്ണാടി ഷാജിയുടെ കൊലപാതകത്തിന്റെ അന്വേഷണത്തിനിടയില്‍ വ്യക്തമായതായി പേരൂര്‍ക്കട സി.ഐ വി. ജയചന്ദ്രന്‍ സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ബാംഗ്ലൂരില്‍ പഠിക്കുന്ന നിയമവിദ്യാര്‍ത്ഥിയെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇതിനു പുറമേ തിരുവനന്തപുരത്ത് തന്നെയുള്ള ഒരു എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിക്ക് ഈ കേസില്‍ പങ്കുള്ളതായി ഏതാണ്ട് വ്യക്തമായിട്ടുണ്ട്.

ക്രിമിനല്‍ കേസുകളില്‍ പ്രതിയാക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മണ്ണന്തലയില്‍ പ്രാദേശിക ആര്‍.എസ്.എസ് നേതാവ് രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായിരുന്നു. ഈ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണ്.

കണ്ണാടി ഷാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഗുണ്ടാനേതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം എത്രത്തോളം ഗുരുതരമാണെന്ന് ബോധ്യമായത്. കോളേജുകളില്‍ വ്യത്യസ്തഗ്യാങ്ങുകള്‍ തമ്മില്‍ പ്രശ്‌നമുണ്ടാവുന്നത് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഗുണ്ടാ സംഘങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ ചേര്‍ക്കപ്പെടുന്നത് വര്‍ധിക്കുകയാണുണ്ടായതെന്നാണ് പോലീസ് പറയുന്നത്.

100 വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ തന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ചോദ്യം ചെയ്യലിനിടയില്‍ കുപ്രസിദ്ധ ഗുണ്ട വേലിപാപ്പന്‍ അറിയിച്ചത്. ഇതില്‍ ഭൂരിപക്ഷവും 18നും 23നും ഇടയിലുള്ളവരാണ്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സര്‍ക്കാര്‍ കോളേജില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഗുണ്ടാസംഘത്തിലെത്തുന്നതെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ഹീറോയിസത്തെ ആരാധിക്കുന്ന വിദ്യാര്‍ത്ഥികളെ ഗുണ്ടാസംഘങ്ങള്‍ ലക്ഷ്യമിടുകയാണ് ചെയ്യുന്നത്.

നഗരത്തിലെ ഒരു കോളനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന എഞ്ചിനിയറിംഗ് കോളേജ് ഒരു പ്രധാന റിക്രൂട്ടിംഗ് സെന്ററാണ്. വിദ്യാര്‍ത്ഥികളില്‍ നിന്നും ആദ്യം വാഹനം കടംചോദിച്ചെത്തുന്ന ഗുണ്ടാസംഘങ്ങള്‍ പിന്നീട് കുറ്റകൃത്യങ്ങളില്‍ കൂടി അവരെ പങ്കാളികളാക്കുകയാണ് ചെയ്യുന്നത്.

മിക്ക ക്രിമിനല്‍ സംഘങ്ങളും പ്രവര്‍ത്തിക്കുന്നത് ചില രാഷ്ട്രീയ നേതാക്കളുടെ പിന്‍ബലത്തോടെയാണ്. എതിര്‍കക്ഷികളെ തകര്‍ക്കുന്നതിന് മുതല്‍ രാഷ്ട്രീയ പാര്‍ട്ടിയെ ശക്തമാക്കുന്നതിന് വരെ രാഷ്ട്രീയ നേതാക്കള്‍ ഗുണ്ടാനേതാക്കളുടെ സഹായം തേടുന്നുണ്ട്.

Malayalam news

Kerala news in english

One Response to “ഗുണ്ടാസംഘങ്ങള്‍ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതായി പോലീസ്”

  1. salvan

    തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായിരിക്കും ഇതും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.