എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂര്‍ സര്‍വകലാശാല ജേണലിസം വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടു; വിദ്യാര്‍ത്ഥികളുടെ പത്രം കത്തിച്ചു
എഡിറ്റര്‍
Wednesday 27th February 2013 11:30am

കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാലയിലെ ജേണലിസം വിദ്യാര്‍ത്ഥികളെ ഒരു സംഘം ആളുകള്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോല്‍സവത്തിനിടെയാണ് സംഭവം.

Ads By Google

കലോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ ‘മിനുക്ക്’ എന്ന പത്രവും അക്രമികള്‍ തീവെച്ചു നശിപ്പിച്ചു.  സംഘമായി ചേര്‍ന്നെത്തിയ ഒരു കൂട്ടര്‍ ജേണലിസം വിദ്യാര്‍ത്ഥികളില്‍ നിന്ന് ‘മിനുക്കി’ന്റെ കോപ്പികള്‍ ബലമായി പിടിച്ചു വാങ്ങുകയായിരുന്നു.

തുടര്‍ന്ന് പത്ര വിതരണം തടസ്സപ്പെടുത്തിയ അവര്‍ പല വായനക്കാരില്‍ നിന്നും കോപ്പികള്‍ തിരിച്ചു വാങ്ങുകയും വെളുപ്പിന് മൂന്നേ കാലോടെ മീഡിയാ റൂമിന് തൊട്ടുമുന്‍പില്‍ അവയുടെ കോപ്പികള്‍ കത്തിക്കുകയും ചെയ്തു.

വിവരം അറിഞ്ഞ് മീഡിയാ റൂമിലെത്തിയ കണ്ണൂര്‍ സര്‍വകലാശാല ജേണലിസം വിഭാഗം കോഴ്‌സ് ഡയറക്ടറും ഡൂള്‍ ന്യൂസ് ഹോണററി-ലിറ്റററി എഡിറ്ററുമായ വി എച്ച് നിഷാദിനേയും വിദ്യാര്‍ഥികളേയും മീഡിയാ റൂമില്‍ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

മിനുക്കിന്റെ രണ്ടാം പതിപ്പിന്റെ ലീഡ് സ്റ്റോറിയായി നല്‍കിയ ‘ഭാരവാഹി പട്ടിക പോലെ മല്‍സര ഫലങ്ങള്‍, പരാതികളുമായി മല്‍സരാര്‍ത്ഥികള്‍’ എന്ന വാര്‍ത്തയാണ് സംഘത്തെ പ്രകോപിപ്പിച്ചത്.

വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് തടയേണ്ടെന്ന ന്യായം പറഞ്ഞ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും പങ്കിട്ടു നല്‍കുന്നതായി പരക്കെ പരാതി ഉയര്‍ന്നിരുന്നു. പരിച മുട്ടു കളിക്ക് രണ്ടു കോളെജിനുമായി ഒന്നാം സ്ഥാനം പങ്കിട്ടു നല്‍കിയപ്പോള്‍ കര്‍ണാടക സംഗീതത്തിന് രണ്ട് സെക്കന്റും രണ്ടു തേഡും സ്ഥാനങ്ങള്‍ നല്‍കി.

കൂടാതെ, പാശ്ചാത്യ സംഗീതത്തിന് രണ്ടു കോളെജുകള്‍ക്ക് രണ്ടാം സ്ഥാനവും നല്‍കി. മാപ്പിളപ്പാട്ടിലും (സിംഗിള്‍സ്) രണ്ടു സെക്കന്റും മൂന്ന് തേഡുമാണ് ലഭിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ നാടോടി നൃത്തത്തില്‍ മൂന്ന് സെക്കന്റും രണ്ടു തേഡുമാണ് പങ്കിട്ടു കൊടുത്തത്. ഇതിനെതിരെയായിരുന്നു വാര്‍ത്ത.

ഈ വാര്‍ത്തയില്‍ പ്രകോപിതരായ ഒരു സംഘം ആളുകളാണ് പത്ര വിതരണം തടസ്സപ്പെടുത്തുകയും പത്രം കത്തിക്കുകയും കോഴ്‌സ് ഡയക്ടറേയും പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥി സംഘത്തേയും മീഡിയാ റൂമില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് ആരോപണം.

രാവിലെ സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ഡോ. സി ബാലന്റെ നേതൃത്വത്തില്‍ സംഘാടക സമിതി കോഴ്‌സ് ഡയറക്ടറുമായും ജേണലിസം വിദ്യാര്‍ത്ഥികളുപമായും ചര്‍ച്ച നടത്തി. തങ്ങളുടെ അറിവോടെയല്ല സംഭവം നടന്നതെന്ന് അറിയിച്ച സംഘാടകര്‍ പ്രസ്തുത സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി.

തുടര്‍ന്ന് രാവിലെ 11 മണിയോടെ വിദ്യാര്‍ഥികള്‍ അവശേഷിച്ച പത്രങ്ങളും കലോല്‍സവ നഗരിയില്‍ വിതരണം ചെയ്തു. എന്നാല്‍ വൈകിട്ട് മൂന്നു  മണിക്ക് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനു സമീപം കണ്ണൂര്‍ സര്‍വകലാശാല ജേണലിസം വിദ്യാര്‍ത്ഥികളെ കോഴ്‌സ് ഡയറക്ടറുടെ മുന്നില്‍ വെച്ച് ഒരു കൂട്ടം ആളുകള്‍ വീണ്ടും ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

കാഞ്ഞങ്ങാട് സദ്ഗുരു നിത്യാനന്ദ എഞ്ചിനീയറിംഗ് കോളേജ് കാമ്പസില്‍ വെച്ചായിരുന്നു യൂണിയന്‍ കലോത്സവം നടന്നത്. ഇന്നലെ കലോത്സവം അവസാനിച്ചു.

Advertisement