തിരുവനന്തപുരം: മന്ത്രി കെ. ബി ഗണേഷ് കുമാറിന്റെ കോഴിക്കോട്ടെ പൊതുപരിപാടി റദ്ദാക്കി. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയെത്തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയത്.

വി.എസ് അച്യുതാനന്ദനെ കാമഭ്രാന്തനും ഞരമ്പ് രോഗിയുമെന്ന് വിശേഷിപ്പിച്ച മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പ്രസ്താവനയെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. പ്രസ്താവനയില്‍ പ്രതിഷേധിച്ച് പത്തനാപുരത്ത് ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. ഇടത് യുവജനസംഘടനകള്‍ സംസ്ഥാനത്തൊട്ടാകെ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയിരുന്നു.

കൊല്ലത്തും പത്തനാപുരത്തും ഓച്ചിറയിലും തിരുവനന്തപുരത്തും കണ്ണൂര്‍ കരിവള്ളൂരിലും വടകരയിലും ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഡി.വൈ.എഫ്.ഐ മുണ്ടക്കയം യൂണിറ്റ് നടത്തിയ പ്രകടനം അക്രമാസക്തമാവുകയും ചെയ്തിരുന്നു. ടൗണിലൂടെ പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്കുചെയ്തിരുന്ന ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള ശരണ്യ ബസില്‍ കരിഓയില്‍ ഒഴിക്കുകയും ടയറിന്റെ കാറ്റു കുത്തിവിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കോഴിക്കോട്ടെ പൊതുപരിപാടിയില്‍ സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ഗണേഷ് കുമാറിന്റെ നടപടി.

malayalam news