തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പ്രായത്തെ മാനിച്ചുകൊണ്ട് താന്‍ അദ്ദേഹത്തോട് ഖേദം പ്രകടിപ്പിക്കുന്നെന്ന് സാംസ്‌കാരികമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. തന്റെ പ്രസ്താവന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കൊരു തലവേദനയാവരുത്. താന്‍ കാരണം സ്പീക്കര്‍ക്ക് സഭാ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വരരുത്. അതുകൊണ്ട് താന്‍ വി.എസ് അച്യുതാനന്ദനെതിരെ നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ചശേഷം പുറത്തുവന്ന ഗണേഷ്‌കുമാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നിലാണ് ഖേദപ്രകടനം നടത്തിയത്. സഭയ്ക്കുള്ളില്‍ ഖേദം പ്രകടിപ്പിക്കാമെന്ന് താന്‍ സ്പീക്കറെ അറിയിച്ചതാണെന്നും എന്നാല്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് കാരണം അതിന് സാധിക്കാതെ പോയി. തന്റെ മുത്തച്ഛന്റെ പ്രായമുള്ളയാളാണ് വി.എസ് അച്യുതാനന്ദന്‍. അതിനാല്‍ അദ്ദേഹത്തിന്റെ പ്രായത്തെ മാനിച്ച് താന്‍ അദ്ദേഹത്തോട് പറഞ്ഞത് തെറ്റാണെന്ന് സമ്മതിക്കുന്നെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണരൂപം

‘കഴിഞ്ഞ 7,8മാസമായി നിയമസഭയ്ക്കുള്ളിലും, അതിന് മുമ്പ് 18വര്‍ഷത്തോളവും എന്നെയും എന്റെ പിതാവിനെയും എന്റെ കുടുംബത്തെയും വി.എസ് അച്യുതാനന്ദന്‍ ഇതിലും മോശമായ ഭാഷയില്‍ നിന്ദിക്കുകയാണ്. എന്റെ അച്ഛനെ അദ്ദേഹം തുറങ്കിലടച്ചുവെന്ന് വളരെ അഹങ്കാരത്തോടെ പ്രഖ്യാപിക്കുന്നു. അതിനുവേണ്ടി അദ്ദേഹം നടത്തുന്ന പദപ്രയോഗങ്ങള്‍ ഈ സഭയ്ക്കുള്ളിലും മാധ്യമങ്ങളിലൂടെയും എല്ലാദിവസവും കേള്‍ക്കുകയും കാണുകയും ചെയ്യുന്നയാളാണ് ഞാന്‍. ഒരു മകനെന്ന നിലയില്‍ എല്ലാദിവസവും രാവിലെ കേള്‍ക്കുന്ന ഈ കാര്യങ്ങള്‍ എനിക്ക് സഹിക്കാവുന്നതിലുമപ്പുറമാണ്.

കഴിഞ്ഞദിവസം വി.എസ് പറഞ്ഞിരുന്നു, അഴിമതിക്കെതിരെയും സ്ത്രപീഡനത്തിനെതിരെയും ശക്തമായി പോരാടുമെന്ന്. ഇതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഞാന്‍ വികാരാധീനനായി അദ്ദേഹത്തിനെതിരെ ഈ പ്രസ്താവനകള്‍ നടത്തി. എന്റെ മുതുമുത്തച്ഛന്റെ പ്രായമുള്ളയാളാണ് അദ്ദേഹം. അച്ഛനെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ മകനെന്ന നിലയില്‍ സഹിക്കാവുന്നതിന്റെ അങ്ങേയറ്റമാണ്. വളരെ മേച്ഛമായ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്.

വി.എസ് അച്യുതാനന്ദനെതിരെ അങ്ങനെയൊരു പ്രസ്താവന നടത്തിയതില്‍ എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഞാന്‍ സമ്മതിക്കുന്നു. പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഞാന്‍ നിയമസഭയില്‍ തന്നെ മറുപടി പറയാന്‍ തയ്യാറായിരുന്നു. എന്നാല്‍ പ്രതിപക്ഷം അതിന് അനുവദിച്ചില്ല. അദ്ദേഹത്തിന്റെ പ്രായത്തെ മാനിച്ചുകൊണ്ട് എന്റെ വാക്കുകളിലുണ്ടായ തെറ്റുകള്‍ പിന്‍വലിച്ചുകൊണ്ട് അദ്ദേഹത്തിനോടും അദ്ദേഹത്തിനെ സ്‌നേഹിക്കുന്നവരോടും ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. സഭാനടപടികള്‍ തുടരാന്‍ സഭാ നാഥനായ സ്പീക്കര്‍ക്ക് എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് ഒരു പ്രശ്‌നമാവരുത്. ഞാന്‍ സ്‌നേഹിക്കുന്ന എന്നെ സ്‌നേഹിക്കുന്ന ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും അദ്ദേഹം ഭരിക്കുന്ന സര്‍ക്കാരിനും എന്റെ പ്രസ്താവനയൊരു തലവേദനയാവരുത്.

ഞാന്‍ വി.എസിന്റെ പ്രായത്തെ മാനിക്കുന്നു. എന്റെ മുത്തച്ഛന്റെ പ്രായമുള്ളയാളാണ് വി.എസ്. ആ പ്രായത്തിലുള്ള എല്ലാവരോടും എനിക്ക് ബഹുമാനമുണ്ട്. എന്നെക്കാള്‍ ഒരു വയസിന് മൂത്തയാളെപ്പോലും ഞാന്‍ ബഹുമാനിക്കാറുണ്ട്. ആ ബഹുമാനം ഞാന്‍ വി.എസിനും നല്‍കുന്നു. എനിക്ക് പറ്റാന്‍ പാടില്ലാത്ത അബദ്ധമാണ് പറ്റിയത്. വികാരം എന്നെ ഒരു നിമിഷം കീഴ്‌പ്പെടുത്തുകയായിരുന്നു.

ഞാന്‍ മകനാണ്. മരക്കഷണമല്ല. എനിക്കൊരച്ഛനുണ്ട് എന്ന് പറഞ്ഞ് നിയമസഭയ്ക്ക് പുറത്ത് ഒരാള്‍ കരഞ്ഞത് നിങ്ങള്‍ കണ്ടതാണ്. ഞാന്‍ പറയുന്നു എനിക്കും ഒരച്ഛനുണ്ട്. ആര്‍ ബാലകൃഷ്ണപിള്ള എന്റെ അച്ഛനാണ്. അദ്ദേഹം എന്റെ അച്ഛനാണെന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. കേരളത്തിന്റെ ഏത് വകുപ്പ് കൈകാര്യം ചെയ്തപ്പോഴും തന്റെ ചുമതല ഭംഗിയായി നിര്‍വഹിച്ചിട്ടുള്ളയാളാണ് ബാലകൃഷ്ണപിള്ള. അദ്ദേഹത്തെ ജയിലിലടച്ച് പീഡിപ്പിക്കുകയാണ്. അദ്ദേഹത്തിനെതിരെ വ്യക്തിവൈരാഗ്യത്തോടെയാണ് വി.എസ് പ്രവര്‍ത്തിച്ചത്. ജയിലടച്ചിട്ടും അദ്ദേഹത്തെയും കുടുംബത്തെയും വിടാതെ പിന്‍തുടരുകയാണ്. അച്ഛന്‍ ഇപ്പോള്‍ ചികിത്സയിലാണ്. എന്നിട്ടും അദ്ദേഹത്തോട് നികൃഷ്ടമായാണ് വി.എസ് പെരുമാറുന്നത്. സഭയ്ക്ക് അകത്തും പുറത്തും അദ്ദേഹം പറയുന്ന വാക്കുകള്‍, അദ്ദേഹത്തിന്റെ ആംഗ്യവിക്ഷേപങ്ങളും വീര്യവും എല്ലാം എല്ലാദിവസവും ഞാന്‍ കാണുകയാണ്. ഒരു സമൂഹത്തില്‍ ഒരാള്‍മാത്രം പൂജ്യനും ബാക്കിയുള്ളവരെല്ലാം നിന്ദ്യരുമാണെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. ഇത്രയും കാലം എന്റെ വികാരം ഞാന്‍ സപ്രസ് ചെയ്യുകയായിരുന്നു.

എന്റെ പാര്‍ട്ടിക്കാരുടേയും എന്നെ സ്നേഹിക്കുന്നവരുടേയും ആവേശം കണ്ടപ്പോള്‍ ഒരുനിമിഷം ഞാന്‍ അതിര്‍വരമ്പുകള്‍ ലംഘിച്ചു. അതിര്‍വരമ്പുകള്‍ ലംഘിച്ച് ഞാനാരോടും സംസാരിക്കാറില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ. പക്ഷെ എന്റെ അച്ഛനെക്കുറിച്ച് വി.എസ് പറഞ്ഞകാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ ഇത്രയും കാലം അടിച്ചമര്‍ത്തിവെച്ച എന്റെ വികാരങ്ങള്‍ പുറത്തുവന്നു. ഞാന്‍ ചോദിക്കട്ടെ, നിങ്ങളുടെ അച്ഛനെക്കൊണ്ടാണ് ഇങ്ങനെ പറഞ്ഞതെങ്കില്‍ നിങ്ങള്‍ക്ക് സഹിക്കാനാവുമായിരുന്നോ?

സര്‍ക്കാരിനും സമാധാനത്തിനും എന്റെ വാക്കുകള്‍കൊണ്ടോ പ്രവൃത്തികൊണ്ടോ ഒരു ബുദ്ധിമുട്ടും ഉണ്ടാവാന്‍ പാടില്ല. അതിനാല്‍ വി.എസ് അച്യുതാനന്ദനെതിരെ സഭയില്‍ ഖേദം പ്രകടിപ്പിക്കാമെന്ന് ഞാന്‍ സ്പീക്കര്‍ക്ക് എഴുതി നല്‍കിയിരുന്നു. പക്ഷെ അതിനവര്‍ അനുവദിച്ചില്ല. തെറ്റുപറ്റിയാല്‍ തെറ്റുപറ്റിയെന്ന് പറയാന്‍ എനിക്ക് മടിയില്ല.’

ഖേദം പ്രകടനം മാത്രമാണോ മാപ്പു പറയുന്നില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എതര്‍ത്ഥത്തില്‍ വേണമെങ്കിലും കരുതാം എന്നായിരുന്നു ഗണേഷ്‌കുമാറിന്റെ മറുപടി. ഖേദം പ്രകടനം തന്നെയാണ് മാപ്പുപറയില്‍. തമ്മില്‍ എന്താണ് വ്യത്യാസം. ഇതിനെ ഖേദപ്രകടനമായോ ക്ഷമചോദിക്കാലായോ മാപ്പുപറയലായോ കരുതാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

malayalam news

kerala news in english

വി.എസിന് കാമഭ്രാന്തും ഞരമ്പ് രോഗവും: മന്ത്രി ഗണേഷ് കുമാര്‍