എഡിറ്റര്‍
എഡിറ്റര്‍
ഗണേഷിനെ മന്ത്രിയാക്കാന്‍ നീക്കം
എഡിറ്റര്‍
Thursday 28th November 2013 11:55am

ganesh-kumar

തിരുവനന്തപുരം: കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയെ വീണ്ടും മന്ത്രിയാക്കാന്‍ നീക്കം തുടങ്ങി.

ഈ ആവശ്യമുന്നയിച്ച് കേരള കോണ്‍ഗ്രസ് (ബി) പ്രതിനിധി വേണുഗോപാലന്‍ നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചുവെന്നാണ് അറിയുന്നത്.

അടുത്ത മാസം സത്യപ്രതിജ്ഞ നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും അറിയുന്നു.

മന്ത്രിസ്ഥാനം തിരിച്ചു നല്‍കിയില്ലെങ്കില്‍ എം.എല്‍.എ സ്ഥാനം രാജിവെയ്ക്കുമെന്ന് അറിയിച്ച് കഴിഞ്ഞ മാസം ഗണേഷ്് കുമാര്‍ പാര്‍ട്ടി ചെയര്‍മാന് കത്ത് നല്‍കിയിരുന്നു.

അതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഗണഷ് കുമാറിനെ മന്ത്രിസഭയിലെടുക്കാനും ഉമ്മന്‍ ചാണ്ടി തീരുമാനമെടുത്തിരുന്നു. എന്നാല്‍ യു.ഡി.എഫില്‍ നിന്നുയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്ന് ഇത് പിന്‍വലിക്കുകയായിരുന്നു.

തുടര്‍ന്ന് ഇതെല്ലാം മാധ്യമസൃഷ്ടിയാണന്ന് മുഖ്യമന്ത്രി ആരോപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയുടെ ഈ ആരോപണം കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള നിഷേധിച്ചിരുന്നു. മന്ത്രിയാക്കാമെന്ന ധാരണ ഉണ്ടായിരുന്നെന്നും എന്നാല്‍ ഇത് പാലിക്കപ്പെടാത്തതില്‍ ഗണേഷിന് മന:പ്രയാസമുണ്ടെന്നും ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു.

ഇതിനിടയില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പുതിയ തീരുമാനമെടുത്തിരിക്കുന്നത്.

ഭാര്യയായിരുന്ന   യാമിനി തങ്കച്ചിയുമായുണ്ടായിരുന്ന പ്രശ്‌നങ്ങളുടെ പേരിലാണ് നേരത്തെ മന്ത്രിസ്ഥാനം നഷ്ടമായത്. കുടുംബപ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായ സാഹചര്യത്തില്‍ തീരുമാനം പുന:പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നേരത്തെ ബാലകൃഷ്ണപിള്ളയെ കാബിനറ്റ് പദവിയോടെ  മുന്നാക്കസമുദായ വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായി നിയമിച്ച് പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നേരത്തെ ശ്രമിച്ചിരുന്നു.

Advertisement