എഡിറ്റര്‍
എഡിറ്റര്‍
കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകരുള്‍പ്പെട്ട അധോലോകമുണ്ട്: മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിച്ച വലിയ സിനിമകളെല്ലാം സാമൂഹ്യവിരുദ്ധരുടെ കഥപറയുന്നു: ഗണേഷ് കുമാര്‍
എഡിറ്റര്‍
Tuesday 21st February 2017 11:52am

തിരുവനന്തപുരം: കൊച്ചിയില്‍ സിനിമാ-ഗുണ്ടാ-റിയല്‍ എസ്റ്റേറ്റ് മാഫിയയാണ് വാഴുന്നതെന്ന് നടനും എം.എല്‍.എയുമായ ഗണേഷ്‌കുമാര്‍. നിരവധി സ്ത്രീകളെ ആക്രമിച്ച് പണം തട്ടിയിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

‘ഞാന്‍ കാണുന്ന സമയത്ത് വളരെ സൗഹൃദമായ അന്തരീക്ഷമായിരുന്നു സിനിമയിലേത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ചില സാമൂഹ്യ വിരുദ്ധര്‍ സിനിമാ പ്രവര്‍ത്തകരായി കടന്നുകൂടിയിട്ടുണ്ട്. മയക്കുംമരുന്നും മറ്റും ഉപയോഗിക്കുന്നവര്‍. അതിനെക്കുറിച്ചൊക്കെ നിങ്ങള്‍ക്ക് അറിയുന്നതല്ലേ.’ ഗണേഷ് കുമാര്‍ പറയുന്നു.

‘ കൊച്ചി കേന്ദ്രീകരിച്ച് ഒരു അധോലോകം പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ ബോംബെയിലുണ്ടായിരുന്നതുപോലെ. ബോംബെയില്‍ സിനിമാ പ്രവര്‍ത്തകരും മാഫിയകളും ഗുണ്ടകളുമൊക്കെ ചേര്‍ന്ന് അധോലോകമുണ്ടായിരുന്നു.’ അദ്ദേഹം വ്യക്തമാക്കി.


Must Read: നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ കണ്ണൂര്‍ ലോബി: നടിയെ ആക്രമിച്ചയാള്‍ പി.ജയരാജന്റെ അയല്‍വാസിയായ സി.പി.ഐ.എം ഗുണ്ട: എം.ടി രമേശ്


ഇത്തരം അധോലോകങ്ങളെയാണ് സിനിമയിലും നമുക്ക് കാണാന്‍ കഴിയുന്നതെന്നും ഗണേഷ് കുമാര്‍ പറയുന്നു. ‘കൊച്ചിയിലുണ്ടായ സിനിമകള്‍ നോക്കിയാല്‍ മതി. മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിച്ച വലിയ സിനിമകളെല്ലാം നിലവാരം കുറഞ്ഞവരുടെ സാമൂഹ്യവിരുദ്ധരുടെ കഥപറയുന്നതാണ്.’ ഗണേഷ് കുമാര്‍ വിശദീകരിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് പുറത്തുപറയാന്‍ പറ്റാത്ത പലതും തനിക്കറിയാം. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യങ്ങള്‍ അറിയിക്കുമെന്നും ഗണേഷ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നടികള്‍ ആക്രമിക്കപ്പെട്ട മുന്‍കാല സംഭവങ്ങള്‍ കൂടി അന്വേഷിക്കണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.

താന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഏതെങ്കിലും സിനിമാ പ്രവര്‍ത്തകര്‍ക്ക് സംശയമുണ്ടെങ്കില്‍ തന്നെ നേരിട്ടു വിളിക്കാമെന്നും അവരോട് താന്‍ കാര്യങ്ങള്‍ വിശദീകരിക്കാമെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.

Advertisement