തിരുവനന്തപുരം: വനംമന്ത്രിക്ക് വനനിയമങ്ങള്‍ ബാധകമല്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. തേക്കടി തടാകത്തിലൂടെ രാത്രിയില്‍ ബോട്ടില്‍ സഞ്ചരിച്ചത് തെറ്റല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

തേക്കടിയിലെ രാത്രി യാത്ര നിരോധനം പൊതുജനങ്ങള്‍ക്ക് മാത്രമാണ്. ഈ നിയന്ത്രണം മന്ത്രിക്ക് ബാധകമല്ല. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്.

Ads By Google

വനം മന്ത്രിയെന്ന നിലക്ക് കേരളത്തിലെ ഏത് വനത്തിലും ഏത് സമയത്തും പോകാന്‍ അധികാരമുണ്ട്. അതിനെയൊന്നും ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല.
ഈ വാര്‍ത്തകളെയെല്ലാം തമാശ രൂപേണയെ കാണുന്നുള്ളൂവെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ അതുമായി ബന്ധപ്പെട്ട് നല്‍കാനില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് വാര്‍ത്തയൊന്നും ഇല്ലാത്തതുകൊണ്ടാണോ ഒരു മന്ത്രി ബോട്ടില്‍ സഞ്ചരിച്ചത് വാര്‍ത്തയാക്കുന്നത്. ഇതൊക്കെയാണോ കേരളത്തിലെ പ്രശ്‌നങ്ങള്‍. ?ഇത്തരം കാര്യങ്ങള്‍ വാര്‍ത്തയാക്കുന്നത് തന്നെ നാണക്കേടാണെന്നും മന്ത്രി പറഞ്ഞു.

ടൂറിസം മന്ത്രി എ.പി.അനില്‍കുമാറും വനം മന്ത്രി ഗണേഷ്‌കുമാറുമാണ് തേക്കടിയില്‍ രാത്രി നേരത്ത് ബോട്ട് യാത്ര നടത്തിയത്. ടൂറിസം മന്ത്രിയുടെ ബോട്ട് മണല്‍ത്തിട്ടയില്‍ ഇടിച്ച് വന്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്തിരുന്നു.

വന്യമൃഗങ്ങള്‍ക്ക് ശല്യമുണ്ടാകാതിരിക്കാന്‍ സംരക്ഷിത പ്രദേശമായ തേക്കടിയില്‍ വൈകീട്ട് ആറിന് ശേഷം ബോട്ട് യാത്ര നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിച്ചുകൊണ്ടാണ് ഇരുവരും ബോട്ടില്‍ കെ.ടി.ഡി.സി ലേക്ക് പാലസ് ഹോട്ടലിലേക്കു പോയത്.

ഇതൊക്കെ വിവാദമാക്കുന്നത് നാണംകെട്ട പത്രപ്രവര്‍ത്തനമാണെന്നുപറഞ്ഞ ഗണേഷ്‌കുമാര്‍, തമാശയായി ചെയ്യുന്ന കാര്യങ്ങള്‍ തമാശയായി എടുക്കാന്‍ പത്രക്കാര്‍ പഠിക്കണമെന്ന ഉപദേശവും നല്‍കി.