എഡിറ്റര്‍
എഡിറ്റര്‍
ഒരു ഗ്ലാസ് വെള്ളത്തില്‍ മുക്കിക്കൊല്ലാമെന്ന് മാധ്യമങ്ങള്‍ കരുതേണ്ട: ഗണേഷ് കുമാര്‍
എഡിറ്റര്‍
Thursday 7th June 2012 4:10pm

കാസര്‍ഗോഡ്: ഒരു ഗ്ലാസ് വെള്ളത്തില്‍ തന്നെയങ്ങ് മുക്കിക്കൊല്ലാമെന്നാണ് മാധ്യമങ്ങള്‍ കരുതുന്നതെന്നും അതിനാണ് അവര്‍ ശ്രമിക്കുന്നതെന്നും വനം വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍.

ആദരിക്കേണ്ടവരെ ആദരിക്കാനറിയാവുന്നവനാണ് ഞാന്‍. സുഗതകുമാരി ടീച്ചറോട് ഏറെ ബഹുമാനമുണ്ട്. അവര്‍ക്കെതിരെ ഞാന്‍ ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല. എന്റെ സംസാരത്തില്‍ മനം നൊന്ത് അവര്‍ പോയിട്ടുമില്ല.-ഗണേഷ് വ്യക്തമാക്കി.

ഇല്ലാത്ത ഒരു പ്രശ്‌നം ഊതിപ്പെരുപ്പിച്ച് വലുതാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് കാലം തെളിയിക്കുമെന്നും ഗണേഷ് പറഞ്ഞു. വയനാട്ടില്‍ വനംവകുപ്പില്‍ സമഗ്രമായ അഴിച്ചുപണി നടത്തുമെന്നും വേണ്ടി വന്നാല്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ മുതലുള്ളവരെ പോലും സ്ഥലംമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വെച്ചുനടന്ന ചടങ്ങില്‍ സുഗതകുമാരി ടീച്ചറെ മുന്‍നിര്‍ത്തി കപടപരിസ്ഥിതി വാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഗണേഷിന്റെ പ്രസ്താവന വാര്‍ത്തയായിരുന്നു.

അതേസമയം കെ.ബി.ഗണേഷ്‌കുമാറിനെതിരെ കേസെടുക്കണമെന്ന സ്വകാര്യ ഹര്‍ജി തിരുവനന്തപുരം അഡീഷണല്‍ സി.ജെ.എം കോടതി ഫയലില്‍ സ്വീകരിച്ചു.

മൃഗത്തോല്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള പരിസ്ഥിതി പ്രവര്‍ത്തകരെ തനിക്കറിയാമെന്ന ഗണേഷിന്റെ പ്രസ്താവന കുറ്റകൃത്യം മറച്ചുവെക്കലിന് കൂട്ടു നില്‍ക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഗണേഷിന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement