എഡിറ്റര്‍
എഡിറ്റര്‍
ഗാന്ധിയെ കൊന്നത് ‘ആള്‍കുട്ടത്തിലെ ഏതോ ഒരാള്‍’;വിവാദമായി ഗുജറാത്തിലെ ഗാന്ധി മ്യൂസിയം
എഡിറ്റര്‍
Saturday 1st July 2017 10:17pm

ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ ഗാന്ധിനഗറില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ ഗാന്ധി മ്യുസിയത്തില്‍ മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാതുറാം ഗോഡ്‌സെയെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. ഗാന്ധിനഗറില്‍ ദണ്ഡി കുതിറിലാണ് മഹാത്മാഗാന്ധിയുടെ ജീവിതവും നാള്‍വഴികളും വിശദമാക്കുന്ന മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

ദണ്ഡി മാര്‍ച്ചിനെ അനുസ്മരിപ്പിക്കാനായി ഉപ്പുകൂനയുടെ ആകൃതിയില്‍ മൂന്ന് നില കെട്ടിടത്തിലാണ് മ്യൂസിയം പണികഴിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നിര്‍മ്മിച്ച ഈ കെട്ടിടം 2015ല്‍ അദ്ദേഹം പ്രധാനമന്ത്രിയായപ്പോഴാണ് ഉദ്ഘാടനം ചെയ്തത്. ഈ മ്യൂസിയത്തിലാണ് ബാപ്പുജിയെ വധിക്കുകയും ഹിന്ദുരാഷ്ട്രത്തിന്റെ വക്താവുമായ ഗോഡ്‌സെയുടെ പേര് എവിടെയും പരാമര്‍ശിക്കാത്തത് ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.


Also Read:‘ഇങ്ങനെയാണ് തീരുമാനമെടുക്കല്‍ എങ്കില്‍ രാജ്യത്ത് നല്ല സുരക്ഷിതത്വമായിരിക്കും’; മനോഹര്‍ പരീക്കറിന്റെ പ്രസ്താവനയെ പരിഹസിച്ച് ഉമര്‍ അബ്ദുല്ല


4ഡി കാഴ്ചകളും ലേസര്‍ ഷോകളും 3ഡി ഹോളോഗ്രഫിയും എല്‍ഇഡി ഫ്‌ളോറുകളുമെല്ലാം ചേര്‍ന്ന മ്യൂസിയത്തില്‍ ഗാന്ധിജി കൊല്ലപ്പെട്ട 1948 ജനുവരി 30ലെ സംഭവങ്ങള്‍ ഇവിടെ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. ‘വല്ലഭായി പട്ടേല്‍ രാവിലെ ഗാന്ധിജിയെ സന്ദര്‍ശിക്കുകയും 500ലേറെ ആളുകള്‍ കാത്തിരിക്കുന്നുവെന്ന് അറിയിക്കുകയും ചെയ്തു. ഗാന്ധിജി പുറത്തേക്ക് വന്നതോടെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ മുന്നോട്ട് വരികയും അദ്ദേഹത്തിന്റെ കാല്‍പ്പാദം തൊടുകയും ചെയ്തു. ഗാന്ധിജിയുടെ സഹായിയായ മനു അദ്ദേഹത്തെ തടയാന്‍ ശ്രമിച്ചെങ്കിലും അയാള്‍ അവരെ തള്ളിമാറ്റി പിസ്റ്റള്‍ പുറത്തെടുത്തു..’ ശേഷം മൂന്ന് വെടിശബ്ദം ഓഡിയോയി കേള്‍പ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.

അതേസമയം ഗാന്ധി വധത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ ഒരിടത്തുപോലും ഗോഡ്‌സെയുടെ പേര് പരാമര്‍ശിക്കുന്നില്ല. ഒരു വ്യക്തി എന്ന് മാത്രമാണ് എല്ലായിടത്തും പറയുന്നത്. ഗാന്ധിജിയുടെ ഘാതകന്‍ എന്ന പേരില്‍ ചരിത്രം രേഖപ്പെടുത്തിയ തീവ്രഹിന്ദുത്വവാദിയുടെ പേരാണ് മോദി സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നത്. ഗാന്ധി വധത്തിന്റെ പേരില്‍ ഗോഡ്‌സെയെ പിന്നീട് തൂക്കിക്കൊന്നിരുന്നു.


Don’t Miss: ‘അതേ അടി, പക്ഷെ…’; സെവാഗിന്റെ പെണ്‍പതിപ്പാണോ സ്മൃതിയെന്ന ആരാധകന്റെ ചോദ്യത്തിന് വീരുവിന്റെ കരളില്‍ തൊടുന്ന മറുപടി


ഗോഡ്‌സെയുടെ പേര് ചരിത്രത്തില്‍ നിന്ന് ഒഴിവാക്കി പകരം ഭാവിയില്‍ ഒരാള്‍ ഗാന്ധിജിയെ വധിച്ചുവെന്നും അയാളെ പിന്നീട് തൂക്കിലേറ്റിയെന്ന് വായിക്കപ്പെടാന്‍ ഈ നീക്കം ഇടയാക്കും. ഗാന്ധിവധം ഇപ്പോഴും ഗവേഷണ വിഷയമാണെന്നും ഗോഡ്‌സെയുടെ പേര് പരാമര്‍ശിക്കില്ലെന്നും മ്യൂസിയം ഡറക്ടര്‍ എംഎച്ച് ബഡ്ഗ പറഞ്ഞു.എന്നാല്‍ ഗോഡ്‌സെയുടെ പേര് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഗുജറാത്ത് യുവജന സാംസ്‌കാരിക വകുപ്പ് മന്ത്രി രാജേന്ദ്ര ത്രിവേദി തയ്യാറായില്ല.

ഗാന്ധിയുടെ ജീവിതത്തില്‍ ഗോഡ്‌സെയ്ക്ക് പ്രധാന പങ്കുണ്ടെന്നും ആ പേര് ഒഴിവാക്കിയത് മനപ്പൂര്‍വമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മഹാത്മാവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് ഗോഡ്‌സെ. ഗാന്ധിജിയുടെ ജീവിതത്തിലെ നിസാര വ്യക്തികളെക്കുറിച്ച് പോലും പറയുന്ന മ്യൂസിയത്തിലെ പരാമര്‍ശങ്ങളില്‍ നിന്നും ഗോഡ്‌സെയുടെ പേര് ഒഴിവാക്കിയത് ഗാന്ധി വധത്തിലെ തങ്ങളുടെ പങ്ക് മറച്ചുവയ്ക്കാനാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

Advertisement