ganapathi-idiolകൊച്ചി: കോടികള്‍ വിലമതിക്കുന്ന ഗണപതിയുടെ പഞ്ചലോഹപൂര്‍ണകായ നൃത്തവിഗ്രഹം വില്‍ക്കാന്‍ ശ്രമിച്ച ആറംഗ സംഘം പിടിയില്‍. 300 വര്‍ഷത്തോളം പഴക്കവും 23 കിലോ തൂക്കവുമുള്ള വിഗ്രഹം മോഷ്ടിച്ചതാണോയെന്ന് വ്യക്തമായിട്ടില്ല. ഈ വിഗ്രഹത്തിന് 10 കോടിയിലേറെ വില ലഭിക്കുമെന്ന് പോലീസ് പറഞ്ഞു.

തൃശ്ശൂര്‍ കൈപറമ്പ് സ്വദേശികളായ പുറ്റേക്കര വീട്ടില്‍ രമേഷ് (40), ഊട്ടുമഠത്തില്‍ പ്രവീണ്‍കുമാര്‍ (41), നടുവില്‍ വീട്ടില്‍ സജീവ് (32), തൈക്കാട്ടില്‍ ജോണ്‍സണ്‍ (44), ചാവക്കാട് സ്വദേശികളായ കേരന്റകത്ത് വീട്ടില്‍ അലി അക്ബര്‍ (27), വെളുത്തപ്പന്‍ വീട്ടില്‍ ഷെറിന്‍ (22) എന്നിവരെയാണ് സ്‌പെഷല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ ഇല്ലിക്കല്‍ ഷംസുവും സംഘവും അറസ്റ്റ് ചെയ്തത്. സംഘത്തിലൊരാളുടെ പാരമ്പര്യസ്വത്താണ് വിഗ്രഹമെന്നും തറവാട് ക്ഷയിച്ചതോടെ വിഗ്രഹം വില്‍ക്കാന്‍ ശ്രമിച്ചതാണെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. സംഘത്തിലെ ആര്‍ക്കും ഇത്തരത്തിലൊരു കുടുംബ പാരമ്പര്യമില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ഇവരെ ചോദ്യംചെയ്യാന്‍ വീണ്ടും കസ്റ്റഡിയില്‍ എടുക്കുമെന്ന് അസി. കമ്മീഷണര്‍ പറഞ്ഞു.

ഫോര്‍ട്ടുകൊച്ചി മട്ടാഞ്ചേരി മേഖലയില്‍ വരുന്ന ടൂറിസ്റ്റുകളോട് അപൂര്‍വമായ പഞ്ചലോഹ വിഗ്രഹം വില്‍ക്കാനുണ്ടെന്ന് രഹസ്യമായി അറിയിച്ച ബ്രോക്കര്‍മാരായ ചാവക്കാട് സ്വദേശികളായ അലി അക്ബര്‍, ഷെറിന്‍ എന്നിവരെക്കുറിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അറിവ് ലഭിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി. ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തില്‍ മട്ടാഞ്ചേരി ഭാഗത്തുവച്ച് ബ്രോക്കര്‍മാരെ കണ്ടെത്തി. തുടര്‍ന്ന് വിഗ്രഹം വാങ്ങാന്‍ താത്പര്യമുള്ളവര്‍ എന്ന വ്യാജേന പോലീസ് ബ്രോക്കര്‍മാരെ സമീപിക്കുകയായിരുന്നു. നാടകീയമായ നീക്കങ്ങള്‍ക്കൊടുവിലാണ് സംഘത്തെ പോലീസ് വലയിലാക്കിയത്.

ക്ഷേത്രമോഷണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ‘ടെമ്പിള്‍ തെഫ്റ്റ് സ്‌ക്വാഡി’ന്റെ സഹായത്തോടെ വിഗ്രഹത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നതിനെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. റിമാന്‍ഡിലായവരെ വീണ്ടും കസ്റ്റഡിയിലെടുക്കുന്നതോടെ വിഗ്രഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേക്കും.