ഹരിയാന: ഗുര്‍മീത് റാം റഹീമിനെതിരായ കേസ് അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന് മുന്‍ അന്വേഷണ തലവനും സി.ബി.ഐ ജോയന്റ് ഡയറക്ടറുമായിരുന്ന മുലിഞ്ജ നാരായണന്‍.

‘2002 ഡിസംബര്‍ 12നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ ഒരു മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥന്‍ തന്റെ മുറിയിലേക്ക് വന്ന് കേസ് അവസാനിപ്പിക്കണമെന്നും നടപടികളൊന്നും എടുക്കരുതെന്നും പറഞ്ഞു. ഈ സംഭവത്തോടെയാണ് കേസ് കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കാന്‍ തീരുമാനിച്ചത്.’ മുലിഞ്ജ നാരായണന്‍ പറയുന്നു.

അന്വേഷണം പുരോഗമിക്കുന്നതിനിടെ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി രാഷ്ട്രീയക്കാരും ബിസിനസുകാരും സി.ബി.ഐ ഓഫീസിലെത്തിയിരുന്നു. പക്ഷെ ഞങ്ങളുടെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഇതിന് ജുഡീഷ്യറിയോട് നന്ദിയുണ്ടെന്നും മുലിഞ്ജ നാരായണന്‍ പറയുന്നു.

പീഡനത്തിനിരയായ പെണ്‍കുട്ടി ആശ്രമം വിടുകയും വേറെ കല്ല്യാണം കഴിക്കുകയും ചെയ്തിരുന്നു. കേസിനെ പറ്റി അവരെയും കുടുംബാംഗങ്ങളെയും ബോധ്യപ്പെടുത്തുന്നതിന് വളരെ ബുദ്ധിമുട്ടിയിരുന്നതായും മുലിഞ്ജ പറയുന്നു.


Read more:  ‘അടുത്ത നമ്പര്‍ നിങ്ങളുടേതാണ്’; ഗുര്‍മീത് വിഷയത്തില്‍ പ്രതികരിച്ച ബാബ രാംദേവിന് ട്വിറ്ററില്‍ മറുപടി


പേടിച്ചിട്ടാണ് ഗുര്‍മീത് റാം ചോദ്യം ചെയ്യലിന് ഹാജരായതെന്നും ചോദ്യങ്ങള്‍ ശരിയായ ഉത്തരം നല്‍കാന്‍ ഗുര്‍മീത് തയ്യാറായില്ലെന്നും ഒരു മുനിയെ പോലെ ഭാവിക്കുകയായിരുന്നെന്നും മുലിഞ്ജ ഓര്‍ക്കുന്നു. ഗുര്‍മീത് ആളൊരു പേടിത്തൊണ്ടനാണെന്ന് തനിക്ക് മനസിലായിരുന്നെന്നും അദ്ദേഹം പറയുന്നു.

തന്റെ പ്രൊഫഷണലിസത്തെ കുറിച്ചും സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടില്ലെന്നും സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമുണ്ടായിരുന്നെന്നും എന്നാല്‍ കേസന്വേഷണം അവസാനിപ്പിക്കാന്‍ ചില സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തിയെന്നും മുലിഞ്ജ ഓര്‍ക്കുന്നു.