ന്യൂദല്‍ഹി: ഗുണഭോക്താവിന് നേരിട്ട് ആനുകൂല്യം ലഭ്യമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് ഇന്ന് തുടക്കം. ബാങ്ക് അക്കൗണ്ട് വഴിയാണ് തുക ലഭ്യമാകുക. രാജ്യത്തെ 20 ജില്ലകളിലാണ് പുതിയ പദ്ധതിക്ക് തുടക്കമാകുന്നത്.

Subscribe Us:

ഭക്ഷ്യസബ്‌സിഡി, ഡീസല്‍, രാസവള സബ്‌സിഡി , എല്‍.പി.ജി. തുടങ്ങിയവയെ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രി പി. ചിദംബരം അറിയിച്ചു. ഏഴ് ആനുകൂല്യങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Ads By Google

പട്ടികജാതിവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, മറ്റ് പിന്നാക്കസമുദായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, ഇന്ദിരാഗാന്ധി മാതൃത്വ സഹയാത യോജന, ധനലക്ഷ്മി പദ്ധതി, പട്ടികജാതിവര്‍ഗ തൊഴിലന്വേഷകര്‍ക്കുള്ള ക്ഷേമപദ്ധതിക്കുകീഴില്‍ പരിശീലനം നേടുന്നവര്‍ക്കുള്ള സ്‌റ്റൈപെന്‍ഡ് എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തുക.

വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിലേതുള്‍പ്പെടെ പത്ത് ജില്ലകളിലാണ് പട്ടികജാതിവര്‍ഗ തൊഴിലന്വേഷകര്‍ക്കുള്ള സ്‌റ്റൈപെന്‍ഡ് ലഭ്യമാകുക.

ആധാര്‍ വഴിയാണ് ആനുകൂല്യങ്ങള്‍ ലഭിക്കുകയെങ്കിലും ആധാര്‍ ഇല്ലാത്തവര്‍ക്കും പണം ലഭിക്കുന്നതില്‍ തടസ്സമുണ്ടാകില്ലെന്ന് ചിദംബരം അറിയിച്ചു. ജനുവരി 1 ന് 20 ജില്ലകളിലും ഫെബ്രുവരി 1 ന് 11 ജില്ലകളിലും മാര്‍ച്ച് 1 ന് 12 ജില്ലകളിലും പുതിയ പദ്ധതി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

അതേസമയം, മറ്റ് പദ്ധതികളിലൊന്നും കേരളം ഉള്‍പ്പെട്ടിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ കൂടുതല്‍ ജില്ലകളില്‍ പദ്ധതി നടപ്പാക്കാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.