ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ടീമിനെതിരെ കളിക്കുന്നതില്‍ തനിയ്ക്ക് സമ്മര്‍ദ്ദമൊന്നുമില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍. ബംഗ്ലാദേശിനെതിരെയും ഓസ്‌ട്രേലിയയ്‌ക്കെതിരെയും കളിക്കുമ്പോള്‍ എങ്ങനെയാണോ അതേപോലെതന്നെയാണ് പാക്കിസ്ഥാനെതിരെ കളിക്കുമ്പോഴും ഉള്ളതെന്ന് ഗംഭീര്‍ വ്യക്തമാക്കി.

നമ്മുടെ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത് എന്ന ബോധമാണ് ഏറ്റവും വലിയ പ്രചോദനം.-ഗംഭീര്‍ വ്യക്തമാക്കി. യുവതാരങ്ങള്‍ക്ക് വലിയ ടീമുകളുമായി കളിക്കുമ്പോള്‍ സമ്മര്‍ദ്ദം അനുഭവപ്പെടാറുണ്ടെന്ന വാദത്തെ ഗംഭീര്‍ തള്ളിക്കളഞ്ഞു.

‘ഇന്ത്യന്‍ ടീമില്‍ സീനിയര്‍ എന്നോ ജൂനിയര്‍ എന്നോ ഇല്ല. എല്ലാവരും ഒന്നിനൊന്ന് മികച്ചവരാണ്. ടീമില്‍ എല്ലാവരും തുല്യരാണ്. ടീമിനെ വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം ടീമിനാണ്. ഒരു പക്ഷേ നമ്മുടെ അനുഭവസമ്പത്ത് നമ്മളെ കുറച്ചുകൂടി പക്വതയോടെ കളിക്കാന്‍ സഹായിക്കും’.-ഗംഭീര്‍ പറഞ്ഞു.

കൃത്യതയോടെ കളിച്ച് ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. അതിനായി കഠിന പരിശീലനത്തിന്റെ ആവശ്യമുണ്ട്. ടീമിന്റെ വിജയം മാത്രമാണ് എല്ലാവരുടേയും ലക്ഷ്യം- ഗംഭീര്‍ പറഞ്ഞു.