അഡ്‌ലെയ്ഡ്: അസുഖത്തെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിംഗിന് വേണ്ടി പ്രാര്‍ത്ഥനയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയും ഗൗതം ഗംഭീറും. യുവരാജ് അസുഖം ഭേദമായി ഇന്ത്യന്‍ ടീമിലേക്ക് ഉടന്‍ മടങ്ങി വരുമെന്ന് ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു.

‘വെല്ലുവിളികളെ ഇഷ്ടപ്പെടുന്ന ആളാണ് യുവി. അതുകൊണ്ടുതന്നെ ഏതു പ്രതിസന്ധിയെയും മറികടക്കാന്‍ അദ്ദേഹത്തിന് കഴിയും. ഒരു സുഹൃത്തെന്ന നിലയിലും സഹതാരം എന്ന നിലയിലും അദ്ദേഹത്തോട് ഏറെ സ്‌നേഹവും ബഹുമാനവും ഉണ്ട്. അസുഖം ഭേദമാകാനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു’.-ധോണി വ്യക്തമാക്കി.

ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന എല്ലാ മത്സരങ്ങളിലും യുവരാജിന്റെ അഭാവം കാണാനുണ്ടെന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഗൗതം ഗംഭീര്‍ വ്യക്തമാക്കി. ‘ഞങ്ങള്‍ക്ക് യുവിയെ ഉടന്‍ വേണം.നല്ലൊരു സുഹൃത്തിന്റെ മടങ്ങിവരവിനായി ടീം ഒന്നടങ്കം കാത്തിരിക്കുകയാണ്. ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം അദ്ദേഹത്തിന്റെ കൂടെയുണ്ട്’. ഗംഭീര്‍ പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന നാലാം ഏകദിനത്തിലെ വിജയത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. മത്സരത്തില്‍ ഇന്ത്യ കരുത്ത് തെളിയിച്ച് തിരിച്ചുവരികയാണ്. തുടക്കത്തില്‍ നഷ്ടമായ ടീം സ്പിരിറ്റ് എല്ലാവരും നേടികഴിഞ്ഞു. ഇനിയും ഇതേരീതിയില്‍ തന്നെ കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധോണി വ്യക്തമാക്കി. അവസാന ഓവറിലെ സിക്‌സ് വളരെ പ്രധാനപ്പെട്ടതാണ്. ലോകകപ്പ് മത്സരങ്ങളിലെ സിക്‌സ്‌പോലെ തന്നെയാണ് അതും. ഒരു സമയത്ത് ഒരു കളിയെ പറ്റി മാത്രമാണ് ചിന്തിക്കുന്നത്. അല്ലാതെ ഫൈനലിനെ കുറിച്ചല്ലെന്നും ധോണി പറഞ്ഞു.

ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നതായി ഗംഭീര്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ വെച്ച് എത്ര റണ്‍സ് നേടിയാലും അതെല്ലാം വിലപ്പെട്ടതാണ്. അധികം സമ്മര്‍ദ്ദമില്ലാതെ കളിക്കാനായതാണ് വിജയത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Malayalam News

Kerala News In English