കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കായി  സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം കുറവാണെന്നും നഷ്ടപരിഹാര തുക ഉയര്‍ത്തുമെന്നും ഗെയില്‍ അധികൃതര്‍.

നിലവില്‍ നല്‍കുന്ന നഷ്ടപരിഹാരം കുറവാണ്, സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏത് നഷ്ടപരിഹാരവും കൊടുക്കാന്‍ തങ്ങള്‍ തയ്യാറാണ്. നിലവിലെ ന്യായവിലയുടെ അമ്പത് ശതമാനത്തിന് മുകളില്‍ നഷ്ടപരിഹാരം കൊടുക്കാന്‍ തയ്യാറാണെന്നും ഗെയില്‍ ജനറല്‍ മാനേജര്‍ എം.ഐ വിജു വ്യക്തമാക്കി.

ആറാം തിയ്യതി നടക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ ഈ കാര്യം വ്യക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗെയില്‍ വാതകപൈപ്പ് ലൈനിനെതിരെ വീണ്ടും പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച കോഴിക്കോട് കളക്‌ട്രേറ്റില്‍ വ്യവസായ മന്ത്രി എ.സി മൊയിതീന്‍ ആണ് യോഗം വിളിച്ച് ചേര്‍ത്തത്.


Also read ഗെയില്‍ സമരത്തിന് പരിഹാരം കാണണമെന്ന് കാനംരാജേന്ദ്രന്‍; സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് കരുതുന്നില്ല


പെട്രോനെറ്റില്‍ നിന്ന് കേരളത്തിലെ വിവിധ ജില്ലകളില്‍ കൂടി ഗ്യാസ് പൈപ്പ് ലൈന്‍ വഴി മംഗലാപുരത്തേക്കും കോയമ്പത്തൂരേക്കും ഗ്യാസ് അതോററ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ മേല്‍നോട്ടത്തില്‍ പ്രകൃതി വാതകം (എല്‍.എന്‍.ജി) എത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.

കേരളത്തിലെ എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കൂടിയാണ് ഗെയില്‍ പൈപ്പ് കടന്നുപോകുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പതിനയ്യായിരം കിലോമീറ്ററോളം ദൂരത്തില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ ശൃംഖലകളുണ്ട്. കേരളത്തില്‍ 503 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.