കോഴിക്കോട് : ഗെയില്‍ വാതക പൈപ്പ്‌ ലൈനെതിരെ എതിരെ സമരം ചെയ്ത അഞ്ഞൂറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയെന്ന ഗെയില്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

അതേസമയം ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം കുറവാണെന്നും നഷ്ടപരിഹാര തുക ഉയര്‍ത്തുമെന്നും ഗെയില്‍ അധികൃതര്‍ പറഞ്ഞിരുന്നു. നിലവില്‍ നല്‍കുന്ന നഷ്ടപരിഹാരം കുറവാണെന്നും നിലവിലെ ന്യായവിലയുടെ അമ്പത് ശതമാനത്തിന് മുകളില്‍ നഷ്ടപരിഹാരം കൊടുക്കാന്‍ തയ്യാറാണെന്നും ഗെയില്‍ ജനറല്‍ മാനേജര്‍ എം.ഐ വിജു വ്യക്തമാക്കിയിരുന്നു. ജോര്‍ജ് എം.തോമസ് എം.എല്‍.എ ഗെയ്ല്‍ പ്രതിനിധികളുമായും പ്രാദേശികകക്ഷി നേതാക്കളുമായും നടത്തിയ ചര്‍ച്ചയിലായിരുന്നു ഇത് ധാരണയായത്.

ഗെയില്‍ പൈപ്പ്‌ ലൈനെതിരെ സമരം ചെയ്തവര്‍ക്കെതിരെ വലിയ ആക്രമണമായിരുന്നു പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. മണിക്കൂറുകളോളമാണ് പൊലീസും സമരക്കാരും എരഞ്ഞിമാവില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയത്.

സംഘര്‍ഷങ്ങളുടെ പേരില്‍ വീടിനുള്ളില്‍ അതിക്രമിച്ചു കടന്ന് നിരപരാധികളെ കസ്റ്റഡിയിലെടുത്തതായി ആക്ഷേപമുയര്‍ന്നിരുന്നു. മുക്കത്തെ പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്ന നയമല്ലെന്ന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


Also Read  ‘നന്ദിഗ്രാമും സിംഗൂരും നമുക്ക് മാതൃകയാവരുത്’; ഗെയില്‍ പൈപ്പ് ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി വി.ടി ബല്‍റാം


സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് അവരെ വിശ്വാസത്തിലെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയും പറഞ്ഞിരുന്നു. എന്നാല്‍ മുക്കത്തെ സമരം തെറ്റിദ്ധാരണ മൂലമാണെന്നും പ്രശ്നങ്ങളുണ്ടാക്കുന്നത് തല്‍പര കക്ഷികളാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ, സംഘര്‍ഷം തുടരുന്ന മുക്കത്ത് യുഡിഎഫ് നേതാക്കള്‍ സന്ദര്‍ശനം നടത്തി. മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍, മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.

സമരം ഏറ്റെടുക്കുമെന്നും സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും യു.ഡി.എഫ് വ്യക്തമാക്കിയിരുന്നു.
സമരങ്ങളെ അടിച്ചമര്‍ത്തുന്നത് കമ്യൂണിസ്റ്റു നയമല്ലെന്നും പിണറായി വിജയന്‍ പെരുമാറുന്നത് ഏകാധിപതിയെപ്പോലെയെന്നും സുധീരന്‍ ആരോപിച്ചിരുന്നു.