ന്യൂദല്‍ഹി: ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ഷൂട്ടിംഗ് താരം ഗഗന്‍ നരേംഗ് അര്‍ഹനായി. നിരവധി വര്‍ഷങ്ങളായി രാജ്യാന്തര മത്സരവേദികളിലെ ഷൂട്ടിംഗ് റേഞ്ചില്‍ നിന്നായി മെഡലുകള്‍ വാരിക്കുട്ടുന്ന ഗഗന്‍ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി നാല് സ്വര്‍ണമെഡലുകള്‍ നേടിയിരുന്നു.

കഴിഞ്ഞ ലോകചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടി ഗഗന്‍ 2012 ലെ ലണ്ടന്‍ ഒളിപിംക്‌സിന് യോഗ്യതനേടുന്ന ആദ്യ ഇന്ത്യന്‍ താരമായിരുന്നു. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇഷടഇനമായ 10 മീറ്റര്‍ എയര്‍റൈഫിളില്‍ 600 ല്‍ 600 പോയന്റും നേടി പുതിയ ചരിത്രം രചിച്ചിരുന്നു. ഷൂട്ടിംഗില്‍ നിന്നും ഈ ഉന്നത കായികപുരസ്‌കാരം നേടുന്ന നാലാമത്തെ താരമാണീ 28കാരന്‍. അഭിനവ് ബിന്ദ്ര, രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്, മാനവ്ജിത് സിങ് സന്ധു എന്നിവരാണ് ഗഗനു മുന്‍പെ ഷൂട്ടിംഗില്‍ നിന്നീ പുരസ്‌കാരം കരസ്ഥമാക്കിയത്.

കഴിഞ്ഞ വര്‍ഷം അവാര്‍ഡിനു പരിഗണി്ക്കാത്തതില്‍ പ്രതിഷേധിച്ച് ഗഗന്‍ ഡെല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറാന്‍ ആലോചിച്ചിരുന്നു. ബാഡ്മിന്റണ്‍ താരം സൈന നേവാളായിരുന്നു കഴിഞ്ഞവര്‍ഷത്തെ പുരസ്‌കാര ജേത്രി.