തന്റെ ഇന്ത്യന്‍ ആരാധകര്‍ക്ക് അവിസ്മരമീയമായ ഒരു വിരുന്ന് തന്നില്‍ നിന്ന് പ്രതീക്ഷിക്കാമെന്നതായിരുന്നു ലേഡിഗാഗ നല്‍കിയ വാഗ്ദാനം. അത് അവര്‍ മനോഹരമായി പാലിച്ചു. എഫ് വണ്‍ പാര്‍ട്ടിയുടെ അവസാന ദിനത്തില്‍ വേദിയില്‍ മുഴങ്ങിയ സിത്താറിന്റെ ട്യൂണുമായി ലയിക്കുന്ന ഗാഗയുടെ പിയാനോ ശബ്ദം ആരാധകരില്‍ ആവേശം ചൊരിഞ്ഞു.

‘ ഗാഗയുടെ പെര്‍ഫോമന്‍സ് അടിപൊളിയായിരുന്നു. നല്ല എനര്‍ജിയുണ്ടായിരുന്നു. ഗാഗയുടെ ആവേശം വേദിയെ മഹത്തരമാക്കി മാറ്റി’ ഗ്രേറ്റര്‍ നോയ്ഡയിലെ വേദിയില്‍ ഗാഗയുടെ പെര്‍ഫോമന്‍സ് കണ്ട കൗമാരക്കാരിയുടെ പ്രതികരണം ഇതായിരുന്നു.

വ്യാഴാഴ്ച ഇന്ത്യയിലെത്തിയ ഉടന്‍ നടത്തിയ പത്രസമ്മേളനത്തില്‍ തന്റെ പെര്‍ഫോമെന്‍സില്‍ ഇന്ത്യന്‍ സ്വാധീനം ഉണ്ടാവുമെന്ന് അവര്‍ വാക്കുനല്‍കിയിരുന്നു. ആ വാക്ക് ഗാഗ പാലിച്ചു. ലേഡി ഗാഗയുടെ പാട്ടുമാത്രമല്ല, പ്രവചനാതീതമായ വസ്ത്രധാരണവും നേരില്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നാണ്. പ്ലാസ്റ്റിക് കുമിളകള്‍ കൊണ്ടു നിര്‍മിച്ച കുപ്പായത്തിലും ചോരയിറ്റുവീഴുന്ന ഇറച്ചിത്തുണ്ടുകളാല്‍ തയ്യാറാക്കിയ വസ്ത്രത്തിലും വെള്ളയും പച്ചയും ചാരനിറവും കലര്‍ന്ന വമ്പന്‍ മുട്ടയ്ക്കകത്തിരുന്നുമൊക്കെ വേദിയിലെത്തി കാണികളെ അമ്പരപ്പിച്ച ഇന്ത്യയില്‍ കാഴ്ചവയ്ക്കുന്ന വേഷവിധാനം എന്തായിരിക്കും എന്ന് ഏറെ ആകാംഷയോടെയാണ് ആരാധകര്‍ നോക്കിയിരുന്നത്. കാല്‍മുട്ട് വരെ നീളമുള്ള വെള്ളവസ്ത്രങ്ങളായിരുന്നു ഇന്ത്യന്‍ ആരാധകര്‍ക്കുവേണ്ടി ഗാഗ തിരഞ്ഞെടുത്തത്.

തന്റെ ഹിറ്റ് പാട്ടുകളില്‍ ചിലതും, പുതിയ ആല്‍ബമായ ബോണ്‍ ദിസ് വെയിലെ പാട്ടകളുമാണ് ഗാഗ സംഗീതപ്രേമികള്‍ക്കു നല്‍കിയ സമ്മാനം. നമസ്‌തേ ഇന്ത്യ എന്നു പറഞ്ഞുകൊണ്ടാണ് ഗാഗ അവരുടെ പെര്‍ഫോമെന്‍സ് അവസാനിപ്പിച്ചത്.

ഗാഗയുടെ പരിപാടിയുടെ ടിക്കറ്റ് വില 40,000 രൂപയായിരുന്നു. എന്നിട്ടും ഒരു സീറ്റ് പോലും ഒഴിഞ്ഞുകാണപ്പെട്ടില്ല. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, അനില്‍ കപൂര്‍, പ്രീതി സിന്റ, സോനം കപൂര്‍, ദീപിക പദുക്കോണ്‍, ഇമ്രാന്‍ ഖാന്‍, വിജയ് മല്യ തുടങ്ങിയവര്‍ പരിപാടി കാണാനെത്തി. ബോളിവുഡ് താരം അര്‍ജുന്‍ രാംപാല്‍ പാര്‍ട്ടിക്ക് ആതിഥേയത്വം വഹിച്ചു.

malayalam news