പി.ഡി.പിയില്‍ നിന്ന് രാജിവെച്ച് കൊണ്ട് മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളത്തിന്റെ പൂര്‍ണ്ണ രൂപം

പ്രഖ്യാപിത നിലപാടില്‍ നിന്നും വ്യതിചലിച്ചതിനാലും പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്തതിനാലും കഴിഞ്ഞ 17 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന പി.ഡി.പിയുടെ സര്‍വ്വ സ്ഥാനങ്ങളും രാജിവെക്കുന്നു.

ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ കേസ്സുകള്‍ ഉള്‍പ്പെടെ 17 വര്‍ഷം പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയോടും ചെയര്‍മാനോടുമൊപ്പം ഉറച്ചു നിന്ന താനുള്‍പ്പെടെയുള്ളവരെ കര്‍ണ്ണാടക, തമിഴ്‌നാട് പോലീസിന്റെ ചാരന്‍മാരായും രാഷ്ട്രീയ ഭാവിയില്‍ ആശങ്കയുള്ളതിനാല്‍ പുതിയ ലാവണം തേടുന്നവരായും ചിത്രീകരിച്ച് പുറത്താക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കം മഅദനി തന്നെ ഏറ്റെടുത്തത് അത്ഭുതപ്പെടുത്തുന്നു. പ്രതിസന്ധികളില്‍ കൂടെ നിന്നതിന് മഅദനി തന്നെ നല്‍കുന്ന ഉപഹാരമാണിത്. സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. സത്യമെന്തെന്ന് കാലം തെളിയിക്കും.

ജനാധിപത്യസംരക്ഷണ വേദിയെന്ന പേരില്‍ സംഘടന രൂപീകരിച്ച് സമാനമനസ്‌കരുമായി തുടര്‍ന്ന് പ്രവര്‍ത്തിക്കും. പുതിയ രാഷ്ട്രീയ പാത തിരഞ്ഞെടുക്കുന്നത് വരെയുള്ള താല്‍ക്കാലിക സംവിധാനമാണിത്. മഅദനിയില്ലാത്ത പി.ഡി.പിയുണ്ടാക്കി എല്‍.ഡി.എഫില്‍ ചേക്കേറാമെന്ന വ്യാമോഹിപ്പിച്ച് പാര്‍ട്ടിയെ പിളര്‍ത്താനുള്ള ശ്രമം തന്റെ നേതൃത്വത്തില്‍ നടക്കുന്നുവെന്നതായി അദ്ദേഹം നിരന്തരമായി ആരോപിക്കുന്നു. ഇത്തരം യാതൊരു നീക്കവും താന്‍ നടത്തിയിട്ടില്ല. ഭാവി നിലപാടിലും ഇത്തരം സമീപനം ഉണ്ടാവില്ല. പച്ചക്കള്ളം പ്രചരിപ്പിച്ച് പുറത്താക്കാനുള്ള നീക്കമാണ് നടക്കുന്നത്. മുന്നണി പ്രവേശനത്തിന്റെ മാത്രം മാനദണ്ഡത്തില്‍ മറ്റൊരു പാര്‍ട്ടി സ്വീകരിക്കുക എന്ന ഒരു നിലപാടും തനിക്കില്ല.

രാജ്യതാല്‍പര്യത്തിനും പിന്നോക്ക ശാക്തീകരണമെന്ന പ്രഖ്യാപിത നിലപാടിലും ഉറച്ച് നിന്നത് തെറ്റായിക്കാണുന്നില്ല. ജയില്‍വാസ സാഹചര്യത്തിന്റെ സഹതാപാവസ്ഥകൊണ്ട് ഗൗരവപരമായ ആശയ പ്രശ്‌നങ്ങളെയും സംഘടനാ പ്രശ്‌നങ്ങളെയും മൂടിവെക്കാന്‍ ചെയര്‍മാനെപ്പോലെ ഒരാള്‍ ശ്രമിക്കുന്നത് ശരിയല്ല. ജയില്‍വാസവും ശത്രുക്കളുടെ അക്രമപ്രവര്‍ത്തനവുമൊക്കെ രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ സ്വാഭാവികമാണ്.

പറയുവാനുള്ള കൂടുതല്‍ കാര്യങ്ങള്‍ നാളത്തെ പ്രതിനിധി സമ്മേളനത്തില്‍ പറയുമെന്നാണ് ചെയര്‍മാന്‍ പ്രഖ്യാപിച്ചത്. അതിന് ശേഷം എനിക്ക് പറയാനുള്ളത് ഞാനും വെളിപ്പെടുത്താം. എല്ലാ സത്യങ്ങളും എപ്പോഴും പറയാനാവില്ല. അസമയത്ത് പറയുന്ന സത്യം ബോധ്യപ്പെടുത്താന്‍ പ്രയാസമാണ്. എന്നാല്‍ സത്യങ്ങള്‍ എല്ലാ കാലവും മൂടിവെക്കാനാവില്ല. അറന്നൂറില്‍ അധികം പ്രവര്‍ത്തകര്‍ മഅദനിക്ക് കത്തുകള്‍ അയച്ചിട്ടുണ്ട്. തെറ്റിദ്ധാരണകൊണ്ടോ ചിലരുടെ പ്രത്യേക താല്‍പര്യത്തിലോ അയച്ച കത്തുകളാണ് അദ്ദേഹം ഉദ്ധരിക്കുന്നത്. ഇത് ഒരു ചെയര്‍മാന് ചേര്‍ന്ന രീതിയല്ല. മുഴുവന്‍ കത്തുകളും കൈപ്പുസ്തകമായി പ്രസിദ്ധീകരിക്കട്ടെ. അപ്പോഴറിയാം പ്രവര്‍ത്തകര്‍ ഏത് നിലപാടിനൊപ്പമാണെന്ന്.

മഅദനിയുടെ വലം കയ്യെന്നും പാര്‍ട്ടിയിലെ രണ്ടാമനെന്നും സ്വയം വിശേഷിപ്പിക്കുന്ന ആളാണ് പൂന്തുറ സിറാജ്. അദ്ദേഹം യു.ഡി.എഫ് അനുകൂല നിലപാടും ലീഗ് ലയന താല്‍പര്യവും പ്രസ്താവിച്ചിട്ട് ഒരു മാസം പിന്നിട്ടു. പാര്‍ട്ടി ചെയര്‍മാനെന്ന നിലയില്‍ മഅദനി ഇതുവരെ ഇതിനെതിരെ പറഞ്ഞിട്ടില്ല. ഇത് എന്തുകൊണ്ട്?.

പാര്‍ട്ടി കമ്മിറ്റികള്‍ക്കും അതിന്റെ തീരുമാനങ്ങള്‍ക്കും പ്രാമുഖ്യം വന്നത് സി.കെ അബ്ദുല്‍ അസീസ് വര്‍ക്കിങ് ചെയര്‍മാനും ഞാന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായിരുന്ന 2003, 2006 കാലഘട്ടത്തിലാണ്. അന്ന് സംഘടനാ വിരുദ്ധ നടപടികളാല്‍ പുറത്താക്കപ്പെട്ട ആളാണ് സിറാജ്. ഇതിനെ അട്ടിമിറിച്ച് പാര്‍ട്ടി ചെയര്‍മാന്‍ തന്നെയാണ് സിറാജിനെ നോമിനേറ്റ് ചെയ്തത്. ഇത് പാര്‍ട്ടി പ്രവര്‍ത്തകരുടെ താല്‍പര്യപ്രകാരമായിരുന്നില്ല. പിന്നീട് തുടര്‍ന്നതും പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിഞ്ഞിട്ടില്ല. സിറാജിനെ വീണ്ടും കൊണ്ട് വരാനുള്ള നീക്കവും യു.ഡി.എഫ് അനുകൂല സമീപനത്തിലേക്കുള്ള ചുവട് വെപ്പിലുമാണ് പാര്‍ട്ടിയുള്ളത്. ഇതിന്റെ താല്‍പര്യം രാഷ്ട്രീയമല്ല. അതുകൊണ്ട് തന്നെ ഇതിനോട് യോജിക്കാനാവില്ല.

മഅദനി പറയുന്നത് പോലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും നിലപാട് മാറ്റവും അറസ്റ്റിന് ശേഷം രണ്ടാഴ്ചകൊണ്ട് ഉണ്ടായതല്ല. മഅദനി ഉള്ളപ്പോള്‍ തന്നെ ചര്‍ച്ച ഉയര്‍ത്തിയതിന്റെ പേരില്‍ സിറാജ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തില്‍ വെച്ച് തന്നെ കയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തതാണ്. യാതൊരു നടപടിയും ചെയര്‍മാനില്‍ നിന്ന് ഉണ്ടായിട്ടില്ല. ഇപ്പോഴും വധഭീഷണിയുണ്ട്. ഡി.ജി.പിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കും. വാര്‍ത്താ സമ്മേളനത്തിനു ശേഷം ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ല. പക്ഷേ പറയാനുള്ളത് പറയും.

പാര്‍ട്ടി പിളര്‍ത്താന്‍ താന്‍ ശ്രമിച്ചിട്ടില്ല. നിലപാട് ശരിയാണെന്ന് തോന്നിയത് കൊണ്ടാണ് നേതാക്കളിലും പ്രവര്‍ത്തകരിലും ഒരു വിഭാഗം എന്നെ പിന്തുണച്ചത്. പാര്‍ട്ടി വഴി പിന്നാക്ക ശാക്തീകരണം സാധ്യമല്ലെന്ന് ബോധ്യമുള്ളവര്‍ക്ക് ഡെമോക്രാറ്റിക്ക് സേവ് ഫോറവുമായി സഹകരിക്കാം. ഇതേ പ്രശ്‌നങ്ങളാല്‍ നേരത്തെ പാര്‍ട്ടി വിട്ടവര്‍ക്കും സ്വാഗതം. പാര്‍ട്ടിക്ക് അകത്തുള്ള ആരെയും അങ്ങോട്ട് വിളിച്ച് പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നില്ല.


വിശ്വസ്തതയോടെ ഗഫൂര്‍ പുതുപ്പാടി

വിമതരുടേത് കര്‍ണാടക പോലീസിനേക്കാള്‍ വലിയ ക്രൂരത: മഅദനി

‘പി.ഡി.പിയെ ജനാധിപത്യവത്കരിക്കുന്നതില്‍ മഅദനിക്ക് വീഴ്ചപറ്റി’