എഡിറ്റര്‍
എഡിറ്റര്‍
ജിന്നയെ പുകഴ്ത്തിയ അദ്വാനിയോട് ഗഡ്കരിയെ ഉപമിച്ച് താക്കറെ
എഡിറ്റര്‍
Wednesday 7th November 2012 3:02pm

മുംബൈ:  ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി സ്വാമി വിവേകാനന്ദനെ കുറിച്ച് നടത്തിയ പരാമര്‍ശം മുമ്പ് എല്‍.കെ അദ്വാനി മുഹമ്മദ് അലി ജിന്നയെ കുറിച്ച് നടത്തിയ പരാമര്‍ശം പോലെയാണെന്ന് ശിവസേനാ നേതാവ് ബാല്‍ താക്കറെ.

2005 ല്‍ മുഹമ്മദ് അലി ജിന്നയെ ‘മതേതരവാദി’എന്ന് അദ്വാനി വിശേഷിപ്പിച്ചത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. അദ്വാനിയുടെ പാക്കിസ്ഥാന്‍ സന്ദര്‍ശനവേളയിലായിരുന്നു ഈ വിവാദ പരാമര്‍ശം.

Ads By Google

സ്വാമി വിവേകാനന്ദന്റെ ബോധമണ്ഡലവും ദാവൂദ് ഇബ്രാഹിമിന്റെ ബോധമണ്ഡലവും ഒന്നാണെന്ന ഗഡ്കരിയുടെ പരാമര്‍ശം അദ്വാനിയുടെ പരാമര്‍ശം പോലെയാണെന്നാണ് താക്കറെ പറയുന്നത്.

അദ്വാനിയുടെ വിവാദ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം ബി.ജെ.പി പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.

അതേസമയം, തന്റെ പരാമര്‍ശം ദാവൂദ് ഇബ്രാഹിമിനേയും വിവേകാനന്ദനേയും തുല്യരാക്കിയതല്ലെന്ന് ഗഡ്കരി വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഗഡ്കരിയുടെ ഇപ്പോഴത്തെ അവസ്ഥയെ ‘ സന്തോഷത്തില്‍ എല്ലാവരും ഉണ്ടാകും ദു:ഖത്തില്‍ ആരുമുണ്ടാകില്ല’ എന്നാണ് താക്കറെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഭോപ്പാലില്‍ സംഘടിപ്പിച്ച അവാര്‍ഡ്ദാന ചടങ്ങിലാണ് ഗഡ്കരി വിവാദപരാമര്‍ശം നടത്തിയത്. മനഃശാസ്ത്രമനുസരിച്ച് സ്വാമി വിവേകാനന്ദന്റെയും ദാവൂദ് ഇബ്രാഹിമിന്റെയും ഐ.ക്യു പരിശോധിച്ചാല്‍ ചിലപ്പോള്‍ തുല്യമായിരിക്കുമെന്നും എന്നാല്‍  ആധ്യാത്മിക നേതാവായ വിവേകാനന്ദന്‍ തന്റെ ബുദ്ധി രാഷ്ട്രത്തിന്റെ നന്മയ്ക്കായി ഉപയോഗിച്ചു.

അധോലോക നേതാവ് കുറ്റകൃത്യങ്ങള്‍ക്കാണ് തന്റെ ബുദ്ധി ചെലവഴിച്ചതെന്നുമായിരുന്നു ഗഡ്കരി പറഞ്ഞത്.

ബുദ്ധിശക്തി നന്മയ്ക്കായി ഉപയോഗിച്ചാല്‍ വിവേകാനന്ദനെപ്പോലെയും തിന്മയ്ക്കായി പ്രയോഗിച്ചാല്‍ ദാവൂദിനെപ്പോലെയുമെന്ന് മാത്രമാണു താന്‍ അര്‍ഥമാക്കിയതെന്നായിരുന്നു ഗഡ്കരിയുടെ വിശദീകരണം.

Advertisement