നിയാമി: സ്ഥാനഭ്രഷ്ടനായ ഗദ്ദാഫിയുടെ മകന്‍ സാദി ഗദ്ദാഫി അയല്‍രാജ്യമായ നൈജറിലുണ്ടെന്നു സ്ഥിരീകരിച്ചു. നൈജറിന്റെ നീതിന്യായ മന്ത്രി മരോ അഡാമുവാണ് ഇക്കാര്യം അറിയിച്ചത്. സാദിയുടെ സുരക്ഷക്കായി ഒന്‍പത് സൈനികരും നൈജറിലുണ്ട്. വടക്കന്‍ നഗരമായ അഗാദയിലാണ് സാദി ഗദ്ദാഫി ഇപ്പോള്‍ ഉള്ളത്.

അതേസമയം ഗദ്ദാഫിയുടെ അവസാന ശക്തികേന്ദ്രങ്ങളും പിടിച്ചെടുക്കാനുള്ള വിമത സൈന്യത്തിന്റെ ശ്രമം വിജയത്തോടടുക്കുന്നു. ട്രിപ്പോളി പിടിച്ചടക്കിയ ശേഷവും ഗദ്ദാഫിപക്ഷത്തിന്റെ ഭാഗിക നിയന്ത്രണത്തിലുണ്ടായിരുന്ന ബനീ വലീദ്, ഖദ്ദാഫിയുടെ ജന്മദേശമായ സിര്‍ത്ത്, തെക്ക് പടിഞ്ഞാറന്‍ ലിബിയയിലെ സബ്ഹ എന്നീ മേഖലകള്‍ പൂര്‍ണമായും പിടിച്ചടക്കാനൊരുങ്ങുകയാണ് വിമത സേന.

കഴിഞ്ഞയാഴ്ച ഖദ്ദാഫിയുടേതായി പുറത്തുവന്ന ശബ്ദ സന്ദേശത്തിന്റെ ഉറവിടം ഇവിടെയാണെന്നാണ് കരുതുന്നത്. ഈ നഗരം പിടിച്ചടക്കുന്നതോടെ ഖദ്ദാഫിയുടെ ഏറ്റവും അടുത്ത അനുയായികളും ഉദ്യോഗസ്ഥരും പിടിയിലാകുമെന്നാണ് വിമതരുടെ പ്രതീക്ഷ. മേഖലയില്‍ നാറ്റോയുടെ വ്യോമാക്രമണവും നടക്കുന്നുണ്ട്.