ട്രിപ്പോളി: താന്‍ ലിബിയയില്‍ തന്നെയുണ്ടെന്നും പാലായനം ചെയ്തിട്ടില്ലെന്നും ഗദ്ദാഫി. ഒളിവില്‍ നിന്നുള്ള ഗദ്ദാഫിയുടെ ശബ്ദ സന്ദേശം അദ്ദേഹത്തിന്റെ വിശ്വസ്തന്റെ ഉടമസ്ഥതയിലുള്ള അല്‍ റായ് ടിവിയാണ് സംപ്രേഷണം ചെയ്തത്. താന്‍ ലിബിയയില്‍ നിന്നു പലായനം ചെയ്തതായുള്ള പ്രചാരണം നിഷേധിച്ചും അനുയായികളോടു യുദ്ധം തീവ്രമായി തുടരാന്‍ ആഹ്വാനം ചെയ്യുകയുമാണ് ഓഡിയോ സന്ദേശത്തില്‍ ഗദ്ദാഫി.

ലിബിയയുടെ മണ്ണ് ലിബിയക്കാരുടേതാണ്. അതു കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ കടന്നുകയറ്റക്കാരാണ്. തന്റെ വംശപരമ്പരകളുടെ നാടു വിട്ടുപോകുന്ന പ്രശ്‌നമില്ലെന്ന് അഞ്ചു മിനിറ്റ് നീണ്ട സന്ദേശത്തില്‍ ഗദ്ദാഫി പറഞ്ഞു. അജ്ഞാത കേന്ദ്രത്തില്‍ നിന്ന് ടെലിഫോണില്‍ നല്‍കിയ സന്ദേശം തത്സമയം സംപ്രേഷണം ചെയ്യുകയായിരുന്നെന്നാണ് ഗദ്ദാഫിയുമായി അടുപ്പംപുലര്‍ത്തുന്ന ചാനല്‍ പറയുന്നത്. ഗദ്ദാഫി ലിബിയയില്‍ത്തന്നെയുണ്ടെന്നും അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചെന്നും ചാനലിന്റെ ഉടമ മിഷാന്‍ അല്‍ ജുബൂരി പറഞ്ഞു.

ഗദ്ദാഫി ലിബിയയില്‍ത്തന്നെയുണ്ടെങ്കില്‍ ഒളിച്ചുകഴിയുന്നത് ജന്‍മഗ്രാമത്തിനടുത്തുള്ള ബാനി വാലിദിലായിരിക്കുമെന്നാണ് കരുതുന്നത്. ഇപ്പോഴും ഗദ്ദാഫി അനുകൂലികള്‍ക്കു സ്വാധീനമുള്ള ഈ പ്രദേശം കീഴ്‌പ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് വിമത സൈന്യം. തങ്ങള്‍ ബാനി വാലിദ് വളഞ്ഞുകഴിഞ്ഞെന്നും അവിടേക്ക് കൂടുതല്‍ പോരാളികളെ അയച്ചിട്ടുണ്ടെന്നും വിമതസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഇതിനിടെ, പ്രതിപക്ഷ പ്രക്ഷോഭം ശക്തിയാര്‍ജിച്ച സമയത്ത് ഗദ്ദാഫി രാജ്യത്തിന്റെ സ്വര്‍ണനിക്ഷേപത്തില്‍ 20% വിറ്റതായി സെന്‍ട്രല്‍ ബാങ്ക് വെളിപ്പെടുത്തി. നൂറു കോടി ഡോളറിലേറെ വിലമതിക്കുന്ന 29 ടണ്‍ സ്വര്‍ണമാണ് ഗദ്ദാഫി വിറ്റതെന്ന് ബാങ്ക് ഗവര്‍ണര്‍ ഖസീം അസോസ് പറഞ്ഞു.