ട്രിപ്പോളി: ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ സര്‍ക്കാരിനെതിരെ നിയമലംഘന സമരം നടത്താന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫി ഒളിവില്‍ നിന്നും ആഹ്വാനം ചെയ്തു. അനധികൃത ഭരണകൂടത്തിനെതിരെ നിയമം ലംഘിച്ച് തെരുവിലിറങ്ങാന്‍ ഗദ്ദാഫി ജനങ്ങളോട് ഓഡിയോ ടേപ്പില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

ലിബിയന്‍ ജനത നിയമിച്ചതല്ല എന്ന കാരണത്താല്‍ ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ നേതൃത്വം നല്‍കുന്ന ഇപ്പോഴത്തെ സര്‍ക്കാരിന് നിയമപരമായ യാതൊരു അധികാരവുമില്ലെന്നും ഗദ്ദാഫി ആരോപിച്ചു.

Subscribe Us:

മാസങ്ങള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ അധികാരം ഒഴിഞ്ഞ് ഒളിവില്‍ പോകേണ്ടിവന്നതിനുശേഷം ഇതാദ്യമായാണ് ഗദ്ദാഫി ഇത്തരത്തിലൊരു ആഹ്വാനം നടത്തുന്നത്. ഭൂരിഭാഗവും വിമത സേനയുടെ പിടിയലമര്‍ന്നിട്ടും ഗദ്ദാഫിയുടെ ടേപ്പ് പുറത്തു വന്നത് വിമതരെ അമ്പരപ്പിച്ചിട്ടുണ്ട്. എന്നാല്‍ ടേപ്പിലെ ശബ്ദം ഗദ്ദാഫിയുടേത് തന്നെയാണോ എന്ന് വിമതസേന അംഗീകരിച്ചിട്ടില്ല.

സിറിയയിലെ അല്‍ റായ് ടി.വിയാണ് ഗദ്ദാഫിയുടെ പ്രസംഗത്തിന്റെ ശബ്ദടേപ്പ് സംപ്രേഷണം ചെയ്തത്. ട്രിപ്പോളിയില്‍ വിമതസേന പിടിമുറുക്കിയതു മുതല്‍ ഗദ്ദാഫിയുടെ ഔദ്യോഗിക ശബ്ദമായി പ്രവര്‍ത്തിച്ചു വരുന്ന ചാനലാണ് അല്‍ റായ് ടി.വി.