എഡിറ്റര്‍
എഡിറ്റര്‍
ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: കസ്തൂരിരംഗന്‍ കമ്മിറ്റി വയനാട് ഇടുക്കി ജില്ലകള്‍ സന്ദര്‍ശിക്കും
എഡിറ്റര്‍
Saturday 19th January 2013 2:18pm

തിരുവനന്തപുരം: മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തെ സംബന്ധിച്ച് പല കാര്യങ്ങളിലും അപ്രായോഗികമാണെന്ന് സര്‍ക്കാര്‍.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠനം നടത്തുന്ന കസ്തൂരി രംഗന്‍ സമിതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

Ads By Google

സംസ്ഥാന സര്‍ക്കാരിന്റെയും ജനങ്ങളുടെയും അഭിപ്രായം കണക്കിലെടുത്തായിരിക്കും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഡോ.കസ്തൂരിരംഗന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെക്കൂടാതെ ധനമന്ത്രി കെ.എം മാണി, മന്ത്രി കെ.ബി ഗണേഷ് കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

അതേസമയം സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് പശ്ചിമഘട്ടത്തെപ്പറ്റി മാധവ് ഗാഡ്ഗില്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിനെപ്പറ്റി പഠനം നടത്തുന്നതിനായി ഡോ. കെ. കസ്തൂരിരംഗന്‍ സമിതി വയനാട് ഇടുക്കി ജില്ലകള്‍ സന്ദര്‍ശിക്കും.

നേരത്തെ ഡോ. കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം അതിരപ്പിള്ളി പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. അതിരപ്പിള്ളിയില്‍ ജലവൈദ്യുത പദ്ധതി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം അതീവ പരിസ്ഥിതി പ്രധാന മേഖലയിലാണന്നാണ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍.

വാഴച്ചാലില്‍ ഡാം നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലം സംഘം സന്ദര്‍ശിച്ചു. നിര്‍ദ്ദിഷ്ട ഡാം സൈറ്റിലെത്തിയ കമ്മിറ്റി അംഗങ്ങള്‍ക്ക് വൈദ്യുതിവകുപ്പ് ഉന്നതോദ്യോഗസ്ഥര്‍ പദ്ധതിയെപ്പറ്റി വിവരിച്ചു. തുടര്‍ന്ന് പൊകലപ്പാറ ആദിവാസി കോളനി പ്രദേശം സംഘം സന്ദര്‍ശിച്ചു.

പെരിങ്ങല്‍ക്കുത്ത് അണക്കെട്ട്, അതിരപ്പിള്ളിവാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍, നിര്‍ദ്ദിഷ്ട ഡാമിന്റെ പവര്‍ ഹൗസ് വരുന്ന കണ്ണന്‍കുഴിത്തോടിന്റെ പരിസരം, തുമ്പൂര്‍മുഴി അണക്കെട്ട് എന്നീ പ്രദേശങ്ങളും സംഘം സന്ദര്‍ശിച്ചു.

ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രൊ വൈസ്ചാന്‍സലര്‍ പ്രൊഫ. സി.ആര്‍. ബാബു, പ്ലാനിങ് കമ്മീഷന്‍ ഉപദേശകസമിതി അംഗം ഡോ. ഇന്ദ്രാണി ചന്ദ്രശേഖരന്‍, ശാസ്ത്രപരിസ്ഥിതി മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ സുനിത നരേന്‍, ഡോ. പി.എസ്. റോയ്, വനംപരിസ്ഥിതി മന്ത്രാലയത്തിലെ ഡോ. അമിത്‌യോവെ എന്നിവരാണ് സംഘത്തിലുള്ളത്.

Advertisement