ന്യൂദല്‍ഹി: തീവ്രവാദപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ഇന്ത്യയും ഇസ്രായേലും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ബി.ജെ.പി പ്രസിഡന്റ് നിതിന്‍ ഗഢ്കരി. കൃഷിയെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളില്‍ പുരോഗതി കൈവരിക്കാന്‍ ഇസ്രായേലിന്റെ സഹായം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറുദിവസത്തെ ഇസ്രായേല്‍ സന്ദര്‍ശനവേളയിലാണ് ഗഢ്കരി ഇക്കാര്യം വ്യക്തമാക്കിയത്

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷ സംവിധാനങ്ങളുടെ സാധ്യതകള്‍ മാവോയിസ്റ്റ് ആക്രമണങ്ങളെ ചെറുക്കാന്‍ ഇന്ത്യ ഉപയോഗിക്കണം. രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യകളില്‍ പുരോഗതി കൈവരിക്കാന്‍ ഈ ബന്ധം സഹായിക്കുമെന്നും ഗഢ്കരി കൂട്ടിച്ചേര്‍ത്തു.

വന്‍വരവേല്പാണ് ഗഢ്ഖരിക്ക് ഇസ്രായേലില്‍ ലഭിച്ചത്. ഗഢ്കരിയോടൊപ്പം ബി.ജെ.പി ജനറല്‍ സെക്രട്ടറി വസുന്ധര രാജെ, വിജയ് ജോളി എന്നിവരുമുണ്ടായിരുന്നു.

ഫലസ്തീനില്‍ നരവേട്ട നടത്തുന്ന ഇസ്രായേലുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാനുള്ള ബി ജെ പി നീക്കത്തിന്റെ ഭാഗമാണ് ഗഡ്കരിയുടെ ഇസ്രയേല്‍ സന്ദര്‍ശനമെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് ഹിന്ദുത്വ അജണ്ഡ നടപ്പാക്കാനുള്ള നീക്കമാണ് ഗഢ്കരി നടത്തുന്നതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.