ട്രിപ്പോളി: ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫി സുരക്ഷിതനാണെന്ന അവകാശവാദവുമായി മകനും സൈനിക മേധാവിയുമായ സെയ്ഫ് അല്‍ ഇസ്‌ലാം രംഗത്തെത്തി. ട്രിപ്പോളി പിടിച്ചെടുത്തതായുള്ള വിമതസൈന്യത്തിന്റെ വാദം തെറ്റാണെന്നും തന്നെ വിമതര്‍ ബന്ദിയാക്കിയിട്ടില്ലെന്നും സെയ്ഫ് പറഞ്ഞു. തന്റെ അനുയായികള്‍ക്കൊപ്പം ടെലിവിഷന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ട്രിപ്പോളിയില്‍ മുന്നേറുന്ന വിമതസേനയ്ക്കു തിരിച്ചടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സെയ്ഫിനെ ഉള്‍പ്പടെ ഗദ്ദാഫിയുടെ മൂന്ന് ആണ്‍മക്കളെ പിടികൂടിയതായി വിമതസേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ട്രിപ്പോളിയുടെ മുഴുവന്‍ നിയന്ത്രണവും വിമതസൈന്യം ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം തലസ്ഥാനമായ ട്രിപ്പോളിയില്‍ ഏങ്ങും ആഹ്ലാദ ചിത്തരായ വിമത സൈന്യം ഗദ്ദാഫിക്കെതിരായ മുദ്രാവാക്യങ്ങളുയര്‍ത്തി സംഗമിക്കുന്ന കാഴ്ച വിദേശചാനലുകള്‍ പുറത്ത് വിടുന്നുണ്ട്. ദേശീയ പരിവര്‍ത്തന സമിതിയുടെ ആസ്ഥാനം ട്രിപ്പോളിയിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട. നഗരത്തിന്റെ അഞ്ചില്‍ ഒന്നു ഭാഗത്തിന്റെ നിയന്ത്രണം മാത്രമാണ് സര്‍ക്കാര്‍ സേനയുടെ കൈയിലുള്ളതെന്നും ഗദ്ദാഫി അനുകൂല അവസാന സൈനികനും കീഴടങ്ങും വരെ ആക്രമണം തുടരുമെന്നും നാറ്റോസേന വ്യക്തമാക്കി.