ഹേഗ് (നെതര്‍ലന്‍ഡ്‌സ്): ഗദ്ദാഫി പുത്രന്‍ സെയ്ഫ് അല്‍ ഇസ്‌ലാമിനെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നതിനായി രാജ്യാന്തര ക്രിമിനല്‍ കോടതി (ഐ.സി.സി) ശ്രമം തുടങ്ങി. അറസ്റ്റിനു വഴങ്ങി വിചാരണക്കായി കോടതിയില്‍ ഹാജരാകണമെന്നു മധ്യസ്ഥര്‍ മുഖേന സെയ്ഫുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായി ഐ.സി.സി പ്രോസിക്യൂട്ടര്‍ ലൂയിസ് മൊറേനോ അറിയിച്ചു. താന്‍ നിരപരാധിയാണെന്ന് സെയ്ഫ് പറഞ്ഞതായി പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

ജനങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് സെയ്ഫിനെതിരെ രാജ്യാന്തര ക്രിമിനല്‍ കോടതി നേരത്തേ വാറന്റ് പുറപ്പെടുവിച്ചിരുന്നു. സെയ്ഫ് കീഴടങ്ങണമെന്നും വിചാരണയ്ക്കു വിധേയനാകണമെന്നും മധ്യവര്‍ത്തികള്‍ വഴി നടത്തിയ ചര്‍ച്ചയില്‍ കോടതി ആവശ്യപ്പെട്ടു. നിരപരാധിത്വം തെളിയിക്കുമെന്നും എന്നാല്‍ അതിനു ശേഷം തന്റെ ഗതിയെന്താവുമെന്ന കാര്യത്തിലാണ് ആശങ്കയെന്നും സെയ്ഫ് അല്‍ ഇസ്‌ലാം ഐ.സി.സിയോടു പറഞ്ഞു.

Subscribe Us:

സെയ്ഫ് ഇപ്പോള്‍ ഏതു രാജ്യത്താണുള്ളതെന്ന് വ്യക്തമായ ധാരണ കോടതിക്കില്ല. രാജ്യാന്തര കോടതിയെ അംഗീകരിക്കാത്ത ഏതെങ്കിലും ആഫ്രിക്കന്‍ രാജ്യത്ത് അഭയം പ്രാപിക്കാനുള്ള സെയ്ഫിന്റെ ശ്രമം തടയാനാണ് ഐ.സി.സിയും ലിബിയന്‍ വിമതരുമെല്ലാം ശ്രമിക്കുന്നത്.

ലിബിയയില്‍ ആഭ്യന്തര യുദ്ധകാലത്ത് ജനങ്ങളെ കൊന്നൊടുക്കാന്‍ പ്രേരിപ്പിച്ച കുറ്റമാണ് ഗദ്ദാഫിയുടെ പുത്രനെതിരെ ചുമത്തിയിരിക്കുന്നത്.

Malayalam News