ട്രിപ്പോളി: ലിബിയയിലെ മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ഇടക്കാല സര്‍ക്കാര്‍ തീരുമാനിച്ചു. ഗദ്ദാഫിയുടെ അടുത്ത ബന്ധുക്കളാരും രാജ്യത്തില്ലാത്ത സാഹചര്യത്തില്‍ അകന്ന ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറുമെന്ന് ഇടക്കാല പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അഹമ്മദ് ജിബ്രീല്‍ പറഞ്ഞു. മൃതശരീരം എവിടെ എങ്ങനെ അടക്കം ചെയ്യണമെന്ന കാര്യത്തില്‍ ഇടക്കാല സര്‍ക്കാറിനുള്ളില്‍ അഭിപ്രായ ഭിന്നത ഉള്ളതിനാലും മരണം സംബന്ധിച്ച് അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നതിനാലുമാണ് ശവസംസ്‌കാരം ഇപ്പോഴും നീണ്ടു പോകുന്നത്.

മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഖബറിടം എവിടെയെന്നതു പരമാവധി രഹസ്യമാക്കിവെക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ നീക്കം. ഖബറിടം പരസ്യപ്പെടുത്തിയാല്‍ ഭാവിയില്‍ അനുയായികളുടെ തീര്‍ഥാടന കേന്ദ്രമാവുമെന്ന ആശങ്ക സര്‍ക്കാറിനുണ്ട്.

Subscribe Us:

അതേസമയം, ഗദ്ദാഫിയുടെ മരണം സംബന്ധിച്ച് വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ മൃതദേഹ പരിശോധന നടത്തിയതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു. മിസ്‌റാതയിലെ മോര്‍ച്ചറിയില്‍ ശനിയാഴ്ച രാത്രിയിലാണ് ലിബിയന്‍ ഫോറന്‍സിക് വിദഗ്ധന്മാര്‍ ഗദ്ദാഫിയുടെ മൃദദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ശനിയാഴ്ച രാത്രി ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം ഞായറാഴ്ച രാവിലെയോടെയാണ് പൂര്‍ത്തിയായത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്് ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെങ്കിലും തലക്കേറ്റ വെടി മൂലമാണ് ഗദ്ദാഫി കൊല്ലപ്പെട്ടതെന്ന് പറയുന്നതായാണ് സൂചന. മൃതദേഹം നേരത്തേ സൂക്ഷിച്ചിരുന്ന മാര്‍ക്കറ്റിലെ ശീതീകരണ മുറിയിലേക്കുതന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മാറ്റിയതായി മെഡിക്കല്‍ സംഘം അറിയിച്ചു.

തന്റെ പിതാവിനെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന് ഗദ്ദാഫിയുടെ പുത്രന്‍ സെയ്ഫ് അല്‍ ഇസ്‌ലാം പ്രഖ്യാപിച്ചു. കഴിഞ്ഞ ശനിയാഴ്ച സിറിയ ആസ്ഥാനമായുള്ള അല്‍-റായ് ടെലിവിഷന്‍ ചാനലിലാണ് അല്‍ ഇസ്‌ലാം പ്രത്യക്ഷപ്പെട്ടത്. താന്‍ ലിബിയയില്‍ തന്നെയുണ്ടെന്നും സ്വതന്ത്രനാണെന്നും വ്യക്തമാക്കിയ അദ്ദേഹം വിമതര്‍ക്കെതിരെ പോരാടാന്‍ അനുയായികളോട് ആഹ്വാനം ചെയ്തു. ലിബിയന്‍ ഏകാധിപതിയുടെ അനന്തരാവകാശിയായി സെയ്ഫ് അല്‍ ഇസ്‌ലാമിനെ തെരഞ്ഞെടുത്തെന്നു ഗദ്ദാഫി അനൂകൂലികള്‍ നേരത്തേ വെബ്‌െൈസറ്റിലൂടെ അറിയിച്ചിരുന്നു. വിമതര്‍ക്കെതിരെ പോരാടുന്ന സൈന്യത്തിന്റെ ചുമതലയും അല്‍ ഇസ്‌ലാമിനായിരിക്കുമെന്ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

റഷ്യയും ഫിന്‍ലന്‍ഡും കൊലപാതകത്തെ അപലപിക്കുകയും അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ത്തുകയും ചെയ്തു. ലിബിയയിലെ ഇടക്കാല സര്‍ക്കാറിനേറ്റ കളങ്കമാണ് ഗദ്ദാഫിയുടെ വധമെന്നാണ് ബ്രിട്ടന്‍ പ്രതികരിച്ചത്. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഗദ്ദാഫി വിചാരണ ചെയ്യപ്പെടണമെന്നാണ് ലോകം ആഗ്രഹിച്ചിരുന്നതെന്ന് ബ്രിട്ടനിലെ പുതിയ പ്രതിരോധമന്ത്രി ഫിലിപ് ഹാമന്‍ഡ് പറഞ്ഞു.

ഗദ്ദാഫിയുടെയും മകന്‍ മുഅ്തസിമിന്റെയും മൃതദേഹങ്ങള്‍ സൂക്ഷിച്ച മാര്‍ക്കറ്റിലെ മാംസ ശീതീകരണ മുറിയിലേക്ക് സന്ദര്‍ശക പ്രവാഹം തുടരുകയാണ്.