ട്രിപ്പോളി: ലിബിയയിന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിക്കെതിരെ മാസങ്ങളായി നീളുന്ന പ്രക്ഷോഭങ്ങള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വിമതര്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിര്‍ണായക മുന്നേറ്റം കൈവരിച്ചതായാണ് ലഭിക്കുന്ന വിവരങ്ങള്‍. സ്ഥിതിയുടെ ഗൗരവം കണക്കിലെടുത്ത് ഗദ്ദാഫി അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയിരിക്കയാണ്.

യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് അധികാരം ഉപേക്ഷിച്ച് പോകാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഗദ്ദാഫിയോട് ആവശ്യപ്പെട്ടിരിക്കയാണ്. വിമതരുടെ നേതൃത്വത്തിലുള്ള ദേശീയ പരിവര്‍ത്തനകൗണ്‍സിലിനോട് അധികാരം ഏറ്റെടുക്കാന്‍ സജ്ജമാകാന്‍ അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ അന്തിമ പോരാട്ടത്തിനൊരുങ്ങാന്‍ ഗദ്ദാഫി പുറത്ത് വിട്ട ഓഡിയോ ടേപ്പില്‍ വ്യക്തമാക്കുന്നുണ്ട്. അതിനിടെ ഗദ്ദാഫിയുടെ മകന്‍ സെയ്ഫുല്‍ ഇസ്‌ലാം അറസ്റ്റിലായതായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ ലൂയിസ് മൊറേനോ ഒകാമ്പോ സ്ഥിരീകരിച്ചു. യുദ്ധക്കുറ്റം ആരോപിച്ച് സെയ്ഫുല്‍ ഇസ്‌ലാമിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നേരത്തെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.