റോം: ലിബിയന്‍ നേതാവ് മുഹമ്മര്‍ ഗദ്ദാഫി ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലൂസ്‌കോണിയെ വധിക്കുമെന്ന് പ്രതിഞ്ജയെടുത്തതായി വെളിപ്പെടുത്തല്‍. ഒരു ഇറ്റാലിയന്‍ ദിനപത്രമായ ‘കൊറിയര്‍ ഡെല്ല സേര’ യാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

തന്നെ വധിക്കാന്‍ ഗദ്ദാഫി പദ്ധതിയിടുന്നുവെന്ന വാര്‍ത്ത വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും ബര്‍ലുസ്‌കോണിക്ക് ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയെന്ന് പത്രം പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. തന്റെ രാഷ്ട്രീയമായ മരണമല്ല ഗദ്ദാഫി ആഗ്രഹിച്ചത്. മറിച്ച് ഭൗതികമായ മരണമായിരുന്നു ഗദ്ദാഫി ആഗ്രഹിച്ചിരുന്നതെന്ന് ബര്‍ലുസ് കോണി പറഞ്ഞതായി പത്രം പറയുന്നു.

ബെര്‍ലൂസ്‌കോണിയ്ക്ക് അദ്ദേഹത്തിന്റെ വിധി സ്വയം തീരുമാനിക്കാമെന്ന് ഗദ്ദാഫി പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രഹസ്യം വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബര്‍ലുസ്‌കോണി ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ കടുത്ത ആഭ്യന്തര കലാപം നടക്കുന്ന ലിബിയയില്‍ ഇറ്റലിയുടെ പിന്തുണയോടെ നാറ്റോ സൈനിക നടപടികള്‍ നടക്കുകയാണ്. ഇതാണ് ബെര്‍ലൂസ്‌കോണിയെ വധിക്കാന്‍ പദ്ധതിയിട്ടതിന് കാരണമായത്.