ഏതന്‍സ്: ലിബിയന്‍ പ്രതിസന്ധിപരിഹരിക്കുന്നതിനുള്ള മാര്‍ഗം നേടി ഗദ്ദാഫിയുടെ ദൂതന്‍ ഗ്രീസിലെത്തി. ലിബിയയില്‍ തുടരുന്ന പ്രതിസന്ധി അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന ഗദ്ദാഫിയുടെ തീരുമാനം വിദേശകാര്യമന്ത്രി അബ്ദല്‍ അദി അല്‍-ഒബീഡി ഗ്രീക്ക് പ്രധാനമന്ത്രി ജോര്‍ജ് പാപന്‍ഡ്രൗവിനെ അറിയിച്ചു. ഇതിനു സ്വീകാര്യമായ മാര്‍ഗം നിര്‍ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗ്രീസിനു പുറമേ മാള്‍ട്ട, ടര്‍ക്കി എന്നീ രാജ്യങ്ങളെയും ഒബീഡി സമീപിക്കുമെന്ന് ഗ്രീക്ക് വിദേശകാര്യമന്ത്രി ഡിമിട്രിസ് ഡ്രൗട്ട്‌സാസ് പറഞ്ഞു.

ഗദ്ദാഫിയുടെ ഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോരാട്ടം നടത്തുന്ന വിമതര്‍ക്കെതിരായ സര്‍ക്കാര്‍ യുദ്ധം ചെയ്യുന്ന സാഹചര്യമാണ് ലിബിയയിലുള്ളത്. ഇവിടെ രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരമാണ് ആവശ്യമെന്ന് ഗ്രീക്ക് വിദേശകാര്യമന്ത്രി പറഞ്ഞു.

യു.എന്‍ ആവശ്യപ്പെട്ടതുപോലെ ലിബിയയിലെ ജനങ്ങള്‍ക്കുനേരെ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ ഗദ്ദാഫി സൈന്യം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.