ട്രിപ്പോളി : ലിബിയയില്‍ ഗദ്ദാഫിയ്‌ക്കെതിരെ പോരാട്ടം നടത്തുന്ന സഖ്യസേനയ്‌ക്കൊപ്പം അറബ് രാഷ്ട്രമായ ഖത്തറും ചേര്‍ന്നു. ഗദ്ദാഫി ഭരണകൂടത്തിനെതിരെ സഖ്യസേനയോടൊപ്പം യുദ്ധം ചെയ്യുമെന്ന് ഖത്തര്‍ അറിയിച്ചു. ലിബിയക്കുമേല്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും കര-വ്യോമ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. വ്യോമാക്രമണത്തിനു തുടക്കം കുറിച്ച് ഖത്തര്‍ കൂടി യുദ്ധത്തില്‍ പങ്കാളിയായത് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളെ ആവേശംകൊള്ളിച്ചിരിക്കുകയാണ്.

ഏകാധിപതി ഗദ്ദാഫിക്കെതിരായ പോരാട്ടത്തിന്റെ നെടുനായകത്വം അമേരിക്കയില്‍നിന്നും ഏറ്റെടുക്കുമെന്ന് നാറ്റോ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഗദ്ദാഫി തയ്യാറാവണമെന്ന് ആഫ്രിക്കന്‍ യൂണിയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ശത്രുക്കളുമായി സംസാരിക്കാനും സമവായത്തിലെത്തി തിരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള രാഷ്ട്രീയമാറ്റങ്ങള്‍ക്ക് തയ്യാറാണെന്നും ലിബിയന്‍ സര്‍ക്കാരിന്റെ പ്രതിനിധിസംഘം എത്യോപ്യയില്‍ ആഫ്രിക്കന്‍ നേതാക്കളുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കി.വിദേശ ശക്തികള്‍ നടത്തുന്ന യുദ്ധത്തിനെയും ഇടപെടലിനെയും സംഘം അപലപിച്ചു.

ലിബിയയിലെ സൈനിക നടപടികളുടെ ചുമതല കനേഡിയന്‍ ലഫ.ജനറലായ ചാള്‍സ് ബുക്കാര്‍ഡിനായിരിക്കുമെന്ന് നാറ്റോ വ്യക്തമാക്കി. നാറ്റോയുടെ 28 സഖ്യരാഷ്ട്രങ്ങളുടെ സംയുക്തസമതിയിലാണ് തീരുമാനമായത്. ഇതിന്റെ മുന്നോടിയായി മെഡിറ്ററേനിയന്‍ മേഖലയില്‍ നാവിക നിരീക്ഷണം ശക്തമാക്കും. വ്യോമ നിരോധിതമേഖലയില്‍ ആക്രമണം ശക്തമാക്കാനാണ് നാറ്റോയുടെ തീരുമാനം.

നിഷ്‌കളങ്കരായ ജനതയെ ഏകാധിപതിയില്‍നിന്ന് മോചിപ്പിക്കാനുള്ള ലോകത്തിന്റെ അഭിലാഷമാണ് ഖത്തറിന്റെ ഇടപെടലെന്ന് യു എസ് എയര്‍ഫോഴ്‌സ് കമാന്‍ഡറായ മേജ.ജനറല്‍ മാര്‍ഗരറ്റ് വുഡ്‌സാര്‍ഡ് പറഞ്ഞു. ജോര്‍ദാന്‍,സൗദി അറേബ്യ തുടങ്ങിയ അറബ് ലീഗ് രാഷ്ട്രങ്ങള്‍ക്ക് അമേരിക്ക ലക്ഷക്കണക്കിന് ഡോളറുകളാണ് പലവിധത്തിലും നല്‍കുന്നത്. ലിബിയക്കെതിരായ വ്യേമനിരോധിത മേഖലയുടെ ഉപരോധത്തില്‍ അറബ് രാഷ്ട്രങ്ങളെല്ലാം യു എന്‍ സുരക്ഷാസമിതിക്കൊപ്പമാണ്.

ഇതുവരെയുള്ള സഖ്യസേനയുടെ വ്യേമാക്രമണത്തില്‍ 114 ലിബിയക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ പട്ടാളക്കാരുള്‍പ്പെട്ടിട്ടുണ്ടോ എന്നറിയില്ലെന്ന് ഒരു ആരോഗ്യമന്ത്രാലയ വക്താവ് സൂചിപ്പിച്ചു. ലിബിയയിലെ യുദ്ധം സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ് ഹൗസില്‍ തിങ്കളാഴ്ച പ്രഖ്യാപനം നടത്തും.