ട്രിപ്പോളി: തലസ്ഥാനമായ ട്രിപ്പോളിയിലും പ്രധാന നഗരങ്ങളായ ബെന്‍ഗാസിയിലും സഖ്യസേന ആക്രമണം കൂടുതല്‍ ശക്തമാക്കി. ബാബ അല്‍ അസീസിയയില്‍ പ്രസിഡന്റ് ഗദ്ദാഫിയുടെ ആസ്ഥാനത്തിനു നേരെയും കഴിഞ്ഞദിവസം വ്യോമാക്രമണമുണ്ടായി. അതിനിടെ അന്തിവിജയം തങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് ഗദ്ദാഫി അവകാശപ്പെട്ടു.

നേരത്തേ ആക്രമണം നടത്തിയ ഒരു യു.എസ് പോര്‍വിമാനം ട്രിപ്പോളിയില്‍ തകര്‍ന്നുവീണിരുന്നു. എന്നാല്‍ ഗദ്ദാഫിയുടെ സൈന്യത്തിന്റെ ആക്രമണത്തിലല്ല വിമാനം തകര്‍ന്നതെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ലിബിയയിലെ പ്രധന നഗരങ്ങളായ സേബ, സിര്‍ത്ത്, സൂവറ എന്നിവിടങ്ങളിലും ആക്രമണം ശക്തമായിട്ടുണ്ട്. ലിബിയന്‍ സൈനികരും പ്രക്ഷോഭക്കാരും തമ്മിലുള്ള തെരുവുയുദ്ധം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

ട്രിപ്പോളിയില്‍ തന്റെ അനുയായികളോട് സംസാരിക്കവേയാണ് അന്തിമവിജയം തങ്ങള്‍ക്കായിരിക്കുമെന്ന് ഗദ്ദാഫി പറഞ്ഞത്. ലോകത്തെ ഇസ്‌ലാമിക ശക്തികളെല്ലാം ലിബിയയെ പിന്തുണക്കണമെന്നും ബാബ് അല്‍ അസീസിയയില്‍ നടത്തിയ പ്രസംഗത്തില്‍ ഗദ്ദാഫി ആവശ്യപ്പെട്ടു. ഇസ്‌ലാമിനെതിരേ കുരിശുയുദ്ധത്തിനാണ് പാശ്ചാത്യരാഷ്ട്രങ്ങള്‍ ശ്രമിക്കുന്നതെന്ന് ഗദ്ദാഫി ആരോപിച്ചു.

അതിനിടെ ലിബിയയില്‍ തുടര്‍നടപടികള്‍ക്ക് രൂപംകൊടുക്കാനായി ചേര്‍ന്ന നാറ്റോ സഖ്യസേനയുടെ യോഗം തീരൂമാനമെടുക്കാതെ പിരഞ്ഞു. സൈനികനടപടിയുമായി ബന്ധപ്പെട്ട് സഖ്യരാഷ്ട്രങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.