പാരീസ്:ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫി സ്ഥാനൊഴിയണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി. ജി-8 ഉച്ചകോടിയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലിബിയയില്‍ ഗദ്ദാഫിക്കെതിരായ പ്രക്ഷോഭങ്ങള്‍ അവസാനിക്കണമെങ്കില്‍ അധികാരമൊഴിയുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം രാജ്യംവിട്ടുപോകേണ്ടതില്ലെന്നും സ്ഥാനമൊഴിഞ്ഞാല്‍മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നാരംഭിച്ച ഉച്ചകോടിയില്‍ അറബ് രാജ്യങ്ങളിലെ വിപ്ലവങ്ങളെക്കുറിച്ചും ആണവശക്തികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഉച്ചകോടിയില്‍ പങ്കെടുത്ത അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ജപ്പാന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.

ഫെയസ്ബുക്ക് സ്ഥാപകനായ മാര്‍ക് സുക്കര്‍ബര്‍ഗ്, ഗൂഗിള്‍ സ്ഥാപകന്‍ ഷ്മിഡിറ്റ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.

അമേരിക്ക, റഷ്യ, യു.കെ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, കാനഡ തുടങ്ങിയ രാഷ്ട്രങ്ങളിലെ നേതാക്കള്‍ പങ്കെടുക്കുന്ന രണ്ടുദിവസത്തെ പരിപാടിയില്‍ ആഗോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കും.

അതേ സമയം വികസ്വരരാഷ്ട്രങ്ങളെ പരിഗണിച്ചില്ലെന്ന പ്രതിഷേധവുമായി ഉച്ചകോടി നടക്കുന്ന വേദിയ്ക്കുപുറത്ത് പ്രകടനം നടന്നു. ഉച്ചകോടി നടക്കുന്ന വേദിയുടെ കനത്ത സുരക്ഷ കണക്കിലെടുത്ത് ആയിരക്കണക്കിന് പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.