ട്രിപ്പോളി: ഗദ്ദാഫി അനുകൂല സൈന്യം ആക്രമണം ശക്തമാക്കിയതോടെ ലിബിയയില്‍ പ്രക്ഷോഭകര്‍ പിന്‍വലിയുന്നു. പ്രക്ഷോഭകരുടെ നിയന്ത്രണത്തിലായിരുന്ന രണ്ട് പ്രധാന സ്ഥലങ്ങള്‍ തിരിച്ചുപിടിക്കാന്‍ സൈന്യത്തിന് സാധിച്ചു. എണ്ണ തുറമുഖ നഗരമായ റാസ് ലനഫില്‍ , പടിഞ്ഞാറന്‍ ട്രിപ്പോളിയിലെ സാവിയ എന്നീ നഗരങ്ങളില്‍ നിന്നും പ്രക്ഷോഭകര്‍ പിന്‍വലിയുകയാണ്.

റാസ് ലനഫില്‍ റോക്കറ്റ്, ഷെല്‍ ആക്രമണം ശക്തമാക്കിയതാണ് പ്രക്ഷോഭകര്‍ പിന്‍തിരിയാന്‍ കാരണം. ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നഗരവീഥികളില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ടു ചെയ്തു.

ഈ മേഖലയിലെ ആശുപത്രികള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ പീരങ്കി ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട് ഇതേത്തുടര്‍ന്ന് ആശുപത്രികളില്‍ നിന്നു ആളുകളെ ഒഴിപ്പിച്ചു. നഗരത്തിന്റെ നിയന്ത്രണം ഏകദേശം പൂര്‍ണമായും സൈന്യത്തിന്റെ കൈകളില്‍ എത്തിച്ചേര്‍ന്നതായാണ് സൂചന. ലിബിയയിലെ മറ്റു എണ്ണ ഖനന മേഖലകളിലും സൈന്യം ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

അതേ സമയം പ്രക്ഷോഭകര്‍ക്ക് ശക്തമായ സ്വാധീനമുള്ള ബെന്‍ഗാസിയാണ് സൈന്യത്തിന്റെ അടുത്ത ലക്ഷ്യമെന്ന് ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍-ഇസ്‌ലാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.