ട്രിപ്പോളി: ലിബിയന്‍  ഭരണാധികാരി കേണല്‍ മുഅമ്മര്‍ ഗദ്ദാഫി അദ്ദേഹത്തിന്റെ ജന്മനഗരമായ സിര്‍ത്തിന്റെ പ്രാന്തപ്രദേശത്ത് അഭയം തേടിയതായി വിമത സംഘടനയായ ദേശീയ പരിവര്‍ത്തിത സമിതി. സിര്‍ത്തില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ തെക്കു മാറി ഇപ്പോള്‍ ഗദ്ദാഫിയുണ്ടെന്നും എന്നാല്‍ അദ്ദേഹം സ്ഥിരമായി ഒളിതാവളം മാറ്റിക്കൊണ്ടിരിക്കുകയാണെന്നു പരിവര്‍ത്തന സമിതി നേതാവ് അനിസ് ഷെറീഫ് പറഞ്ഞു.

ഗദ്ദാഫി അനുകൂല സൈന്യത്തിന് ഇപ്പോഴും നിയന്ത്രണമുള്ള നഗരങ്ങളിലൊന്നായ സാഭയിലേക്ക് രക്ഷപ്പെടാന്‍ പഴുതു തേടുകയാണ് ഗദ്ദാഫിയെന്നും വിമതര്‍ ഫറയുന്നു. ഗദ്ദാഫി അനുകൂല സേനകള്‍ ഇനിയും നിയന്ത്രണം വിട്ടൊഴിയാത്ത നഗരങ്ങളില്‍ നിന്നും ഈ മാസം പത്തിനകം വിട്ടൊഴിയണമെന്ന് കഴിഞ്ഞദിവസം വിമതസേന ആവശ്യപ്പെട്ടിരിക്കുന്നു.

ഗദ്ദാഫിക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും സിര്‍ത് വിടാന്‍ ദേശീയ പരിവര്‍ത്തിത സമിതി ഒരാഴ്ചത്തെ സമയം നല്‍കിയിരുന്നു. ആ കാലാവധി സെപ്റ്റംബര്‍ 10ന് അവസാനിക്കുകയാണ്.

അതേസമയം, ലിബിയയില്‍ നാറ്റോയുടെ സൈനിക നടപടി അവസാനിക്കാറായെന്നു നാറ്റോ വക്താവ് പറഞ്ഞു. എന്നാല്‍ തീയതി കൃത്യമായി പറയാന്‍ കഴിയില്ലെന്ന് നാറ്റോ വൃത്തങ്ങള്‍ അറിയിച്ചു.