Administrator
Administrator
ഗദ്ദാഫിയെ സംസ്‌കരിച്ചു
Administrator
Tuesday 25th October 2011 1:00pm

ട്രിപ്പോളി: കൊല്ലപ്പെട്ട ലിബിയന്‍ നേതാവ് കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടേയും മകന്‍ മുഅ്തസിമിന്‍േറയും മൃതദേഹം മരുഭൂമിയില്‍ രഹസ്യ കേന്ദ്രത്തില്‍ ഇന്ന് രാവിലെ മറവ് ചെയ്തു. വിമതസേന നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ (എന്‍.ടി.സി) വൃത്തങ്ങളാണ് ഗദ്ദാഫിയെ സംസ്‌കരിച്ച വാര്‍ത്ത അറിയിച്ചത്. മരുഭൂമിയില്‍ ലളിതമായ ചടങ്ങുകളോടെ നടന്ന സംസ്‌കാരത്തില്‍ ഏതാനും ആളുകള്‍ മാത്രമാണ് പങ്കെടുത്തത്.

നാലു ദിവസമായി ഗദ്ദാഫിയുടെ മൃതദേഹം മിസ്‌റാതിലെ മാംസ സൂക്ഷിപ്പു ശാലയിലെ ശീതീകരണ മുറിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. തിങ്കളാഴ്ച അര്‍ധ രാത്രിയോടെ മൃതദേഹം മിസ്‌റാതില്‍ നിന്ന് മാറ്റുകയായിരുന്നു. ജന്മസ്ഥലമായ സിര്‍ത്തില്‍ തന്നെ ഖബറടക്കണമെന്നാണ് ഗദ്ദാഫിയുടെ മരണ പത്രത്തില്‍ പറഞ്ഞിരുന്നത്. സിര്‍ത്തില്‍ മറവ് ചെയ്താല്‍ ഭാവിയില്‍ ഗദ്ദാഫി അനുകൂലികള്‍ അവിടെ സ്മാരകം നിര്‍മ്മിക്കാനും അദ്ദേഹത്തെ എക്കാലത്തും അനുസ്മരിക്കുന്നതിനും അവസരമുണ്ടാകുമെന്നതിനാലാണ് രഹസ്യ സ്ഥാനത്ത് സംസ്‌കാരം നടത്തിയതെന്നാണ് വിശദീകരണം.

ഗദ്ദാഫിയുടെ ജന്‍മദേശമായ സിര്‍ത്തിലെ ഗോത്രക്കാരും വിമതസേനയുമായി സംസ്‌കാരത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടായിരുന്നു. മൃതദേഹം അകന്ന ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് ഇടക്കാല പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അഹമ്മദ് ജിബ്‌രീല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൃതശരീരം എവിടെ എങ്ങനെ അടക്കം ചെയ്യണമെന്ന കാര്യത്തില്‍ ഇടക്കാല സര്‍ക്കാറിനുള്ളില്‍ അഭിപ്രായ ഭിന്നത ഉള്ളതിനാലും മരണം സംബന്ധിച്ച് അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നതിനാലുമാണ് സംസ്‌കാരം നീണ്ടുപോയത്.

എട്ടുമാസം നിണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണ് അറുപത്തൊന്‍പതുകാരനായ ഗദ്ദാഫിയെ വിമതസേന സിര്‍ത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച വെടിവച്ചു കൊന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ച ഗദ്ദാഫിയുടെ വാഹന വ്യൂഹത്തിനു നേരെ നാറ്റോ സേന നടത്തിയ ആക്രമണത്തില്‍ അദ്ദേഹത്തിനു ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് മലിന ജലക്കുഴലില്‍ അഭയം തേടിയ ഗദ്ദാഫിയെ എന്‍.ടി.സി സേന പിടികൂടി വധിക്കുകയായിരുന്നു.

ഗദ്ദാഫിയുടെ മരണത്തിനു ശേഷവും ലിബിയയില്‍ കലാപമടങ്ങിയിട്ടില്ല. സിര്‍ത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ ഇന്ധനശാല പൊട്ടിത്തെറിച്ച് 50 പേര്‍ മരിച്ചു. ഇന്ധനശാലക്ക് ബോംബിട്ടതാണെന്ന് കരുതപ്പെടുന്നു.

Advertisement