ട്രിപ്പോളി: ജനകീയ പ്രക്ഷോഭം നടക്കുന്ന ലിബിയയില്‍ നിന്ന് ഏറെ ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നു. ലിബിയന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ ഭരണത്തില്‍ ജനങ്ങളെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം നടന്നതായാണ് പുതിയ റിപ്പോര്‍ട്ട്.

പ്രദേശം കൈപ്പിടിയാക്കിയ പ്രക്ഷോഭകാരികളാണ് ഇതിനുള്ള തെളിവുകള്‍ കണ്ടെത്തിയത്. ഇങ്ങിനെ കുഴിച്ചുമൂടാന്‍ ശ്രമിച്ച ഏഴ് പേരെ പ്രക്ഷോഭകാരികള്‍ രക്ഷപ്പെടുത്തി. അണ്ടര്‍ഗ്രൗണ്ടിനുള്ളില്‍ അവശരായിക്കഴിഞ്ഞവരെയാണ് രക്ഷപ്പെടുത്തിയത്. സര്‍ക്കാര്‍ വിരുദ്ധരും ഗദ്ദാഫിയുടെ ഉത്തരവ് അംഗീകരിക്കാത്ത പട്ടാളക്കാരുമാണിവരെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭക്ഷണവും ശുദ്ധവായവും ലഭിക്കാതെ അവശ നിലയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. കഴിഞ്ഞ 40 വര്‍ഷങ്ങളായി പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ട പ്രത്യേക സ്ഥലത്താണ് അണ്ടര്‍ഗ്രൗണ്ട് സെല്‍ കണ്ടെത്തിയത്. സെല്ലിനുള്ളില്‍ നിന്ന് ശബ്ദം കേട്ടതുകൊണ്ടാണ് ഇവരെ കണ്ടെത്താനായതെന്ന് പ്രക്ഷോഭകാരികള്‍ പറയുന്നു. സെല്ലിലേക്ക് പ്രവേശിക്കാനോ പുറത്ത് കടക്കാനോ പ്രത്യക്ഷമായ വഴികളൊന്നുമില്ല. തുടര്‍ന്ന് ബങ്കര്‍ തകര്‍ത്താണ് ഇവരെ രക്ഷിച്ചത്. പ്രദേശത്തെ സര്‍ക്കാര്‍ കെട്ടിടങ്ങളും സെല്ലുകളുമെല്ലാം പ്രക്ഷോഭകാരികള്‍ പരിശോധിച്ച് വരികയാണ്.